തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് (സയൻസ് ആൻഡ് എൻജിനിയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവർക്കാണ് കേരള പ്രഭ പുരസ്‌കാരം. കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ. ടി കെ ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു സാംസൺ (കായികം), ഷൈജ ബേബി ( സാമൂഹ്യ സേവനം, ആശാ വർക്കർ), വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം) എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിന് അർഹരായി.
പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി), ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് പുരസ്‌കാരം നിർണയിക്കുന്നത്.
ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശ അടൂർ ഗോപാലകൃഷ്ണൻ, കെ ജയകുമാർ, ഡോ. ബി ഇക്ബാൽ എന്നിവരടങ്ങുന്ന സമിതി പരിശോധിച്ചാണ് സർക്കാരിന് നാമനിർദേശം നൽകിയത്.
പി ഗോവിന്ദപ്പിള്ള സാഹിത്യപുരസ്‌കാരം, തകഴി സാഹിത്യപുരസ്‌കാരം എന്നിവ ഉൾപ്പെടെ വിവിധ അവാർഡുകളും പോയവർഷം എം കെ സാനുവിനെ തേടിയെത്തി.കഴിഞ്ഞ പിറന്നാൾകാലത്താണ് എം കെ സാനുവിന്റെ സമ്പൂർണ കൃതികൾ പ്രകാശനം ചെയ്യപ്പെട്ടു. ‘മോഹന്‍ലാല്‍ അഭിനയകലയുടെ ഇതിഹാസം’ എന്ന പേരിലുള്ള പുസ്‌തകവും കഴിഞ്ഞവർഷം ഇറങ്ങി.















