തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനിടയിലുണായ ദുരന്തത്തിൽ വിഴിഞ്ഞം സ്വദേശിയുമായ യുവാവിന് നഷ്ടമായത് കൈപ്പത്തി.
പടക്കം കയ്യിലിരുന്നു പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകർന്നു. മാംസഭാഗങ്ങൾ തുന്നിച്ചേർക്കാൻ കഴിയാത്തനിലയിൽ വേർപെട്ടുപോയതിനെത്തുടർന്ന് കൈപ്പത്തി ശസ്ത്രക്രിയ ചെയ്‌ത് മുറിച്ചുമാറ്റി.
വിഴിഞ്ഞം മുല്ലൂർ തലയ്‌ക്കോട് സ്വദേശി നയൻ പ്രഭാതാണ് ഈ ഹതഭാഗ്യൻ. ദീപാവലി തലേന്ന് ബുധനാഴ്ച രാത്രി പത്തോടെ വീട്ടുമുറ്റത്ത് വെച്ചാണ് അപകടം ഉണ്ടായത്.
സുഹൃത്തുക്കൾക്കൊപ്പം പടക്കങ്ങൾ പൊട്ടിച്ച് കൊണ്ടിരുന്ന നയൻ പ്രഭാത് അമിട്ട് വിഭാഗത്തിലുള്ള പടക്കങ്ങളിലൊന്ന് കത്തിച്ച് റോഡിലേക്ക് എറിഞ്ഞുവെങ്കിലും പൊട്ടിയിരുന്നില്ല. ഈ സമയത്ത് റോഡിലൂടെ ഒരു ലോറി കടന്നുവന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നയൻ ഓടിച്ചെന്ന് പൊട്ടാതെ കിടന്നിരുന്ന പടക്കം എടുക്കാൻ ശ്രമിക്കവേ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.സ്‌ഫോടനത്തിൽ വലതുകൈയിലെ മാംസഭാഗങ്ങൾ ചിന്നിച്ചിതറിപ്പോയി.
യുവാവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.