കേരളപ്പിറവി ദിനത്തിൽ കിടിലൻ സർപ്രൈസുമായി എമ്പുരാന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. 2025 മാര്‍ച്ച് 27 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. വ്യത്യസ്തമായ പോസ്റ്ററിലാണ് റിലീസ് തീയതി അറിയിച്ചിരിക്കുന്നത്. മോഹൻലാൽ, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ തുടങ്ങി ചിത്രത്തിന്റെ നിർമാതാക്കളായ ആശിർവാദ് സിനിമാസിന്റെ ഔദ്യോഗിക പേജിലും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.
മലയാള സിനിമ കാത്തിരിക്കുന്ന വമ്പൻ ചിത്രങ്ങളിലൊന്നാണ് പൃഥ്വിരാജ് സംവിധാനംചെയ്ത് മോഹൻലാൽ നായകനാവുന്ന എമ്പുരാൻ. ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. എമ്പുരാന് ഷൂട്ടിങ് ലൊക്കേഷൻ കണ്ടെത്താൻ പൃഥ്വിരാജ് പതിനെട്ട് മാസത്തോളം ചെലവഴിച്ചിരുന്നു.
ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ലൈക്ക പ്രൊഡക്ഷൻസ് ആശിർവാദ് സിനിമാസിനൊപ്പം ‘എമ്പുരാന്റെ’ നിർമാണ പങ്കാളിയാണ്. ആദ്യ ഭാഗത്തിലെ താരങ്ങള്‍ രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. സിനിമയ്ക്ക് മൂന്നാം ഭാഗവും ഉണ്ടാകുമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി നേരത്തെ അറിയിച്ചിരുന്നു.















