ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക് ദെബ്‌റോയ് അന്തരിച്ചു. 69 വയസായിരുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്‌ക്ക് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് ദെബ്‌റോയ്. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആൻഡ് ഇക്കണോമിക്‌സിന്റെ ചാൻസലറായി സേവനമനുഷ്ഠിച്ചിരുന്നു. 2019 ജൂൺ 5 വരെ NITI ആയോഗിൽ അംഗമായിരുന്നു അദ്ദേഹം. വിവിധ പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും രചയിതാവും എഡിറ്ററുമായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ നിരവധി പത്രങ്ങളിൽ കൺസൾട്ടിംഗ് എഡിറ്ററായും സേവനമനുഷ്ഠിച്ചു.
മാക്രോ ഇക്കണോമിക്‌സ്, പബ്ലിക് ഫിനാൻസ് എന്നിവയിൽ വിദഗ്ധനായ ദെബ്‌റോയ്, സാമ്പത്തിക പരിഷ്‌കരണം, റെയിൽവേ, ഭരണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കൂടാതെ മഹാഭാരതം, ഭഗവദ് ഗീത തുടങ്ങിയ ഗ്രന്ഥങ്ങൾ സംസ്കൃതത്തിൽ നിന്ന് പരിഭാഷപ്പെടുത്തുകയും ചെയ്തിരുന്നു. ദെബ്‌റോയിയുടെ വിലമതിക്കാനാകാത്ത സംഭാവനകൾക്ക് രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
ദെബ്‌റോയിയുടെ വേർപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. സാമ്പത്തിക ശാസ്ത്രം, ചരിത്രം, സംസ്കാരം, രാഷ്‌ട്രീയം, ആത്മീയത തുടങ്ങി വിവിധ മേഖലകളിൽ അവഗാഹമുള്ള വ്യക്തിയും പണ്ഡിതനുമായിരുന്നു ബിബേക് എന്ന് നരേന്ദ്രമോദി അനുസ്മരിച്ചു. പൊതുനയങ്ങൾക്കായി നൽകിയ സംഭാവനകൾക്ക് പുറമേ, നമ്മുടെ പുരാതന ഗ്രന്ഥങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനും അദ്ദേഹം മറന്നില്ല. ഇതിഹാസ ഗ്രന്ഥങ്ങൾ യുവാക്കളിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തി കൂടിയായിരുന്നു ബിബേക് ദെബ്‌റോയ് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.