ധാക്ക: ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ ഭാഗമായിരുന്ന ജതീയ പാർട്ടിയുടെ കേന്ദ്ര ഓഫീസ് ഒരു സംഘം അടിച്ചു തകർത്ത് തീവെച്ച് നശിപ്പിച്ചു. തലസ്ഥാനമായ ധാക്കയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കാക്രെയ്ൽ ഏരിയയിലെ ഓഫീസാണ് ആക്രമിക്കപ്പെട്ടത്.
മുൻ പ്രസിഡൻ്റ് ഹുസൈൻ മുഹമ്മദ് എർഷാദ് സ്ഥാപിച്ച ജതിയ പാർട്ടി, അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ ഭാഗമായിരുന്നു. ശനിയാഴ്ച ധാക്കയിൽ റാലി നടത്തുമെന്ന് പാർട്ടി പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഷെയ്ഖ് ഹസീന വിരുദ്ധരെ ചൊടിപ്പിച്ചത്. അക്രമികൾ പാർട്ടി സ്ഥാപകൻ ഇർഷാദിന്റെ ചിത്രം നശിപ്പിക്കുകയും ചിഹ്നം അടിച്ചു തകർക്കുകയും ചെയ്തു.
വിദ്യാർത്ഥികളെ മറയാക്കി വർഗീയ ശക്തികൾ നേതൃത്വം നൽകിയ അക്രമ സമരത്തെത്തുടർന്ന് ഓഗസ്റ്റ് 5 നാണ് ഷെയ്ഖ് ഹസീന ഭരണത്തിൽ നിന്നും പുറത്തുപോകുന്നത്. പിന്നാലെ ഹെലികോപ്ടർ വഴി ഇന്ത്യയിലേക്ക് പാലായനം ചെയ്തു. നിലവിലുള്ള ഇടക്കാല സർക്കാർ ആക്രമികളെ കയറൂരി വിടുകയാണെന്ന വിമർശനം വ്യാപകമാണ്. ഇതിനിടെയാണ് രാജ്യത്തെ പ്രധാന കക്ഷിയുടെ കേന്ദ്ര ഓഫീസ് ആക്രമിക്കപ്പെട്ടത്.















