മാഡ്രിഡ്: സ്‌പെയിനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണം 158 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.
സ്പെയിനിന്റെ തെക്ക് കിഴക്കൻ മേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. സ്പെയിനിലെ ബോറിയോഡെല ടോറെ, വലൻസിയ തുടങ്ങിയ നഗരങ്ങളിൽ കനത്ത വെള്ളപ്പൊക്കമാണുള്ളത്. വീടുകളിൽ വെള്ളം കയറി. കൂടാതെ ഇടി മിന്നലിന്റെ അകമ്പടിയോടെ തുടർച്ചയായി പെയ്യുന്ന മഴയിൽ നദികളിൽ ജലനിരപ്പ് ഉയർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. അഭൂതപൂർവമായ തോതിലെ വെള്ളപ്പൊക്കം പ്രധാന നഗരങ്ങളെ എല്ലാം വെള്ളത്തിനടിയിലാക്കി.അയ്യായിരത്തോളം വീടുകളിൽ വെള്ളം കയറി എന്നാണ് കണക്ക് . പാളങ്ങൾ ചെളി നിറഞ്ഞതിനാൽ ഒരു എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി.
പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 158 ആയിട്ടുണ്ട്. കൂടാതെ മറ്റു പലരെയും കാണാതായതായി പറയപ്പെടുന്നു. ഇവരും മരിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും അങ്ങനെയെങ്കിൽ മരണസംഖ്യ ഉയർന്നേക്കുമെന്നും പറയുന്നു.
രൂക്ഷമായ വെള്ളപ്പൊക്കത്തിൽ പലയിടത്തും വൈദ്യുതി മുടങ്ങി, കുടിവെള്ളം കിട്ടാതെ നിരവധി പേർ ദുരിതത്തിലായിട്ടുണ്ട്. വെള്ളപ്പൊക്ക സമയത്ത് വീടുകളുടെ മേൽക്കൂരയിൽ കയറിയും മരങ്ങളിൽ പറ്റിപ്പിടിച്ചുമാണ് ആളുകൾ രക്ഷപ്പെട്ടത്.
ആയിരക്കണക്കിന് ആളുകൾക്ക് ഈ പ്രളയത്തിൽ വീടും വസ്തുക്കളും നഷ്ടപ്പെട്ടു. ഇവരെയെല്ലാം സുരക്ഷിത സ്ഥാനങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്. അവർക്കാവശ്യമായ എല്ലാ സഹായവും രാജ്യത്തെ സർക്കാർ നൽകുന്നുണ്ട്.
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രാജ്യത്തുടനീളം 3 ദിവസത്തെ ദുഃഖാചരണത്തിന് ഉത്തരവിട്ടു.