മുംബൈ: രാജ്യത്തെ ഓഹരി വിപണികളിൽ ഇന്ന് മുഹൂർത്ത വ്യാപാരം. ദീപാവലിയോടനുബന്ധിച്ചാണ് വൈകിട്ട് 5:45 മുതൽ 6 മണി വരെ മുഹൂർത്ത വ്യാപാരം നടക്കുന്നത്. ഇതോടെ ഹൈന്ദവ കലണ്ടർ പ്രകാരം സംവത് 2081 വർഷത്തിന് തുടക്കമാകും. ദീപാവലി ദിനത്തിൽ രാജ്യത്തെ ഓഹരി വിപണികളിലെ ഒരു മണിക്കൂറോളം നീണ്ടുനിൽക്കുന്ന പ്രത്യേക വ്യാപാര സെഷനാണ് മുഹൂർത്ത് ട്രേഡിംഗ്.
ദീപാവലിയോട് അനുബന്ധിച്ച് ഇന്ന് ഓഹരി വിപണികളിൽ പതിവ് വ്യാപാരം ഇല്ല. ബിഎസ്ഇ ഹോളിഡേ കലണ്ടർ പ്രകാരവും ഇന്ന് അവധിയാണ്. ചരിത്രം പരിശോധിച്ചാൽ കഴിഞ്ഞ 17 മുഹൂർത്ത വ്യാപാരങ്ങളിൽ 13 ലും സെൻസെക്‌സ് പോസ്റ്റീവ് റിട്ടേൺ നൽകിയിട്ടുണ്ട്.

1957 ലാണ് മുംബൈ സ്റ്റോക്ക് എക്സചേഞ്ചിൽ മുഹൂർത്ത വ്യാപാരം ആരംഭിച്ചത്. മുപ്പത് വർഷത്തിന് ശേഷം 1992ൽ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്ഇ) ഈ പാരമ്പര്യ വഴിയിൽ എത്തി. മുഹൂർത്ത് വ്യാപാരത്തിന്റെ വേരുകൾ ‘ചോപ്ദാ പൂജ’യുമായി ബന്ധപ്പെട്ടിരിക്കുന്നു. സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെ പ്രാർത്ഥിച്ച ശേഷമാണ് നിക്ഷേപകർ കമ്പ്യൂട്ടറും ലെഡ്ജറുകളും അക്കൗണ്ട് ബുക്കുകളും തുറക്കുന്നത്. ഈ പ്രത്യേക സമയത്ത് വാങ്ങിയ ഓഹരികൾ സംവത് മുഴുവൻ നിക്ഷേപകർക്ക് സമ്പത്തും സമൃദ്ധിയും നൽകുമെന്നാണ് വിശ്വാസം.
ഭീമൻ മണി മുഴക്കുന്നതോടെയാണ് വ്യാപാരം ആരംഭിക്കുന്നത്. അന്നേ ദിവസം സ്റ്റോക്ക് എക്സ്ചേഞ്ചുകൾ അലങ്കരിച്ചിരിക്കും. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് വ്യാപാരികൾ സ്റ്റോക്ക് മാർക്കറ്റിൽ എത്തുന്നത്.















