തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. SSLC പരീക്ഷ 2025 മാർച്ച് 3 നു തുടങ്ങി 26 ന് അവസാനിക്കും. മാർച്ച് 6 മുതൽ 29 വരെയുള്ള തീയതികളിൽ ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷകളും നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് തീയതികൾ പ്രഖ്യാപിച്ചത്.
SSLC പരീക്ഷകൾ രാവിലെ 9.30 മുതൽ ആരംഭിക്കും. ഫലപ്രഖ്യാപനം 2025 മെയ് മൂന്നാം ആഴ്ചയ്‌ക്ക് മുൻപുണ്ടാകും. 4,28,951വിദ്യാർത്ഥികളാണ് ഇത്തവണ SSLC പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം SSLC മോഡൽ പരീക്ഷകൾ ഫെബ്രുവരി 17 മുതൽ 21 വരെ നടക്കും.ഏപ്രിൽ 8 ന് മൂല്യനിർണായ ക്യാമ്പ് ആരംഭിക്കും. 72 ക്യാമ്പുകളിലായി പരീക്ഷയുടെ മൂല്യ നിർണയം പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
രണ്ടാം വർഷ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ പരീക്ഷകൾ 2025 മാർച്ച് 3 മുതൽ മാർച്ച് 26 വരെയുള്ള 9 ദിവസങ്ങളിലായി നടക്കും. പരീക്ഷകളുടെ മൂല്യനിർണയം നടത്താനായുള്ള സ്കീം ഫൈനലൈസേഷൻ 2025 മാർച്ച് 25, ഏപ്രിൽ 8 എന്നീ രണ്ട് ഘട്ടങ്ങളിലായി നടക്കും. 2025 ഏപ്രിൽ 11 ന് ഒന്നാം വർഷ ഹയർസെക്കൻഡറി ഇമ്പ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിർണയവും തുടർന്ന് ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യ നിർണയവും നടക്കും.















