ഇസ്ലാമാബാദ്: ദേശീയ വിമാനക്കമ്പനിയായ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിനെ സ്വകാര്യവത്കരിക്കാനുള്ള പാക് സർക്കാരിന്റെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. കടക്കെണിയിലായ വിമാനക്കമ്പനിയുടെ ഓഹരികൾ ലേലത്തിൽ വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചത് ഒരേയൊരു കമ്പനി മാത്രം. റിയൽ എസ്റ്റേറ്റ് വികസന സ്ഥാപനമായ ബ്ലൂ വേൾഡ് സിറ്റി വിമാനകമ്പനിയുടെ 60 ശതമാനം ഓഹരികൾക്ക് വെറും 10 ബില്യൺ PKR മാത്രമാണ് വാഗ്ദാനം ചെയ്തത്. ഷെഹ്ബാസ് ഷെരീഫ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ വിലയായ 85 ബില്യൺ PKR നും താഴെയാണിത്.
ഇസ്ലാമാബാദിലെ ഒരു ഹോട്ടലിൽ നടന്ന ലേല ചടങ്ങുകൾ പാക് സർക്കാർ നടത്തുന്ന പിടിവി ചാനലിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. കടമെടുപ്പിന്റെ ഭാഗമായി പാകിസ്താന് 7 ബില്യൺ ഡോളർ നൽകാൻ അന്താരാഷ്‌ട്ര നാണയനിധി സമ്മതിച്ചിരുന്നു. ഈ കരാറിന്റെ ഭാഗമായാണ് സർക്കാരിന് കീഴിൽ നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളെയെല്ലാം വിൽക്കാനുള്ള പാകിസ്താന്റെ നീക്കം.
ജൂണിൽ ആറ് സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളെ ലേലത്തിൽ പങ്കെടുക്കാൻ പാകിസ്താൻ ക്ഷണിച്ചിരുന്നു. എന്നാൽ ബ്ലൂ വേൾഡ് സിറ്റി മാത്രമാണ് അന്തിമ ലേല പ്രക്രിയയിൽ പങ്കെടുത്തത്. സർക്കാരിന്റെ മിനിമം ലേലത്തുകയുമായി പൊരുത്തപ്പെടാൻ സ്വകാര്യവൽക്കരണ കമ്മീഷൻ ആവശ്യപ്പെട്ടെങ്കിലും കമ്പനി ഇതിനു തയാറല്ല.
പാകിസ്ഥാൻ വിമാനകമ്പനിക്ക് കോടിക്കണക്കിന് രൂപയുടെ കടബാധ്യതയുണ്ട്. കമ്പനിയിൽ ഏകദേശം 7,100 ജീവനക്കാരുണ്ട്. 2,400-ലധികം പേർ ദിവസ വേതന അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. വിമാനങ്ങൾ പലതും പഴക്കം ചെന്നതാണ്. മാത്രമല്ല ചില പൈലറ്റുമാർ വ്യാജ ലൈസൻസ് കൈവശം വച്ചെന്ന കണ്ടെത്തലുകളെ തുടർന്ന് 2020 മുതൽ യൂറോപ്യൻ യൂണിയനിലേക്കുള്ള വിമാന സർവീസ് നടത്താൻ പാകിസ്താൻ ഇൻ്റർനാഷണൽ എയർലൈൻസിന് വിലക്കേർപ്പെടുത്തിയിരുന്നു.















