ന്യൂഡൽഹി: രാജ്യത്തിനുള്ള കാലാവസ്ഥാ നിരീക്ഷണ ഏജൻസി ലോകത്തിലെ തന്നെ മികച്ച ഏജൻസിയാണെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD). ചുഴലിക്കാറ്റ് കര തൊടുന്ന പോയിന്റും സമയവും അണുവിട തെറ്റാതെ കൃത്യമായി പ്രവചിക്കാൻ സാധിച്ചു. ‘ദാന’ ചുഴലിക്കാറ്റിനെക്കുറിച്ച് മുൻകൂട്ടി നൽകിയ വിവരങ്ങൾ ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.
ഐഎംഡി മേധാവി മൃത്യുഞ്ജയ് മോഹപത്രയാണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. പസഫിക്, ഇന്ത്യൻ മഹാസമുദ്രത്തിൽ ഉടനീളം ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ പ്രവചിക്കുന്ന യുഎസ് ഏജൻസി-ജോയിന്റ് ടൈഫൂൺ വാണിംഗ് സെന്ററിന്റെ (JTWC) പ്രവചനകളുമായി താരതമ്യം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ന്യൂനമർദ്ദ പ്രദേശം രൂപപ്പെട്ട സമയത്തുതന്നെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ദാന ചുഴലിക്കാറ്റിനെക്കുറിച്ചുള്ള പ്രവചനം നടത്തിയിരുന്നു. ഒക്ടോബർ 21 നാണ് ആദ്യ മുന്നറിയിപ്പ് നൽകുന്നത്. ഇത് ചുഴലിക്കാറ്റ് കര തൊടുന്നതിനും നാലര ദിവസം മുൻപായിരുന്നു.
അതേസമയം യുഎസ് ഏജൻസി മുന്നറിയിപ്പ് നൽകുന്നത് ഒക്ടോബർ 23 നാണ്. ചുഴലിക്കാറ്റ് കര തൊടാൻ ഒന്നര ദിവസം മാത്രം ശേഷിക്കുമ്പോൾ. എന്നാൽ ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാര്യക്ഷമമായി പ്രവർത്തിച്ചാൽ ജീവനും സ്വത്തും സംരക്ഷിക്കാനാവശ്യമായ മുൻകരുതൽ നടപടികൾ കൈക്കൊള്ളാനുമായെന്നും അദ്ദേഹം പറഞ്ഞു.