ധാക്ക : ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിച്ച കലാപത്തിനെ വെള്ളപൂശാനുള്ള ശ്രമങ്ങളുമായി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ മുന്നോട്ട്.
2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ നടന്ന കലാപത്തിന്റെ ചരിത്രംരംഗ്‌പൂരിലെ (BRUR) ബീഗം റൊകെയ യൂണിവേഴ്‌സിറ്റിയിലെ ബംഗ്ലാദേശ് സ്റ്റഡീസ് കോഴ്‌സിൽ ഉൾപ്പെടുത്താൻ ഒരുങ്ങുന്നു. ബുധനാഴ്ച ചേർന്ന 49-ാമത് അക്കാദമിക് കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.യൂണിവേഴ്സിറ്റിയിലെ എല്ലാ ഡിപ്പാർട്ട്‌മെൻ്റുകൾക്കുമായുള്ള പൊതു വിഷയമാണ് ബംഗ്ലാദേശ് സ്റ്റഡീസ്.
എല്ലാ ഡിപ്പാർട്ട്‌മെൻ്റുകൾക്കുമുള്ള ബംഗ്ലാദേശ് സ്റ്റഡീസ് കോഴ്‌സിൽ അട്ടിമറിയെക്കുറിച്ചുള്ള പഠനം ഉൾപ്പെടുത്തണമെന്ന് അക്കാദമിക് കൗൺസിലിലെ നിരവധി അംഗങ്ങൾ നിർദ്ദേശിച്ചിരുന്നു. വിശദമായ ചർച്ചയ്‌ക്ക് ശേഷം അടുത്ത വർഷം മുതൽ പാഠ്യപദ്ധതിയിൽ ഇത് ഉൾപ്പെടുത്താൻ കൗൺസിൽ സമവായത്തിലെത്തുകയായിരുന്നു.
വൈസ് ചാൻസലർ പ്രൊഫസർ ഡോ ഷൗക്കത്ത് അലി വെള്ളിയാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചു, വരാനിരിക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ വിഷയത്തിന് അന്തിമ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
“2024 ജൂലൈ-ഓഗസ്റ്റ് വിപ്ലവത്തിന്റെ ചരിത്രം’ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിലൂടെ, വിദ്യാർത്ഥികൾക്ക് സമകാലിക ചരിത്രസംഭവങ്ങൾ പരിചിതമാകുകായും അവർ ദേശീയ ബോധത്തിന്റെയും പോരാട്ടത്തിന്റെയും സത്ത മനസ്സിലാക്കുകായും ചെയ്യുമെന്ന് വൈസ് ചാൻസലർ പ്രൊഫസർ ഡോ ഷൗക്കത്ത് അലി അവകാശപ്പെട്ടു. ഈ പഠനം വിദ്യാർത്ഥികൾക്കിടയിൽ ധാർമ്മിക മൂല്യങ്ങളും നീതിയോടുള്ള ആദരവും സാമൂഹിക ഉത്തരവാദിത്തവും വളർത്തുമെന്നും അദ്ദേഹം പറഞ്ഞു.
അട്ടിമറി ശ്രമത്തിനിടെയുണ്ടായ കലാപത്തിൽ ഇതേ സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം വിദ്യാർത്ഥി അബു സെയ്ദ് കൊല്ലപ്പെട്ടിരുന്നു.