ധാക്ക: ഭീമമായ തുക കുടിശ്ശിക ആയതിനെത്തുടർന്ന് ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം പകുതിയായി കുറച്ച് അദാനി പവർ. കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡ് (എപിജെഎൽ) ആണ് ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം കുറച്ചത്. 846 മില്യൺ യുഎസ് ഡോളറിന്റെ ബില്ലുകൾ കുടിശ്ശികയായതായി ദി ഡെയ്‌ലി സ്റ്റാർ പത്രം റിപ്പോർട്ട് ചെയ്തു.
ഒക്‌ടോബർ 30-നകം കുടിശ്ശിക തീർക്കണമെന്ന് ബംഗ്ലാദേശ് പവർ ഡെവലപ്‌മെൻ്റ് ബോർഡിനോട് (പിഡിബി) ആവശ്യപ്പെട്ട് അദാനി പവർ കമ്പനി വൈദ്യുതി സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ബില്ലുകൾ അടച്ചില്ലെങ്കിൽ ഒക്‌ടോബർ 31-ന് വൈദ്യുതി വിതരണം നിർത്തിവെച്ച് പവർ പർച്ചേസ് എഗ്രിമെൻ്റ് പ്രകാരം പരിഹാരനടപടികൾ സ്വീകരിക്കാൻ കമ്പനി നിർബന്ധിതരാകുമെന്ന് കത്തിൽ പറയുന്നു.
പവർ ഗ്രിഡ് ബംഗ്ലാദേശ് പിഎൽസിയിൽ നിന്നുള്ള ഡാറ്റ പ്രകാരം വ്യാഴാഴ്ച രാത്രി മുതൽ അദാനി പവർ പ്ലാൻ്റിൽ നിന്നുള്ള വിതരണം കുറഞ്ഞതായി കാണിക്കുന്നതായി ദി ഡെയ്‌ലി സ്റ്റാർ പത്രം റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ശേഷം ഇടക്കാല സർക്കാർ അധികാരമേറ്റതു മുതൽ കുടിശ്ശിക നൽകണമെന്ന് അദാനി പവർ ആവശ്യപ്പെട്ടിരുന്നു.















