ബെംഗളൂരു: രേണുകസ്വാമി വധക്കേസിൽ ജയിലിൽ കഴിയവേ ആരോഗ്യ കാരണങ്ങളാൽ ജാമ്യം ലഭിച്ച നടൻ ദർശനെ ബെംഗളൂരുവിലെ കെങ്കേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ വിജയലക്ഷ്മിക്കൊപ്പം കാറിൽ ആശുപത്രിയിലെത്തിയ ദർശനെ ന്യൂറോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു.
കെങ്കേരിയിലെ ബിജിഎസ് ഗ്ലോബൽ ആശുപത്രിയിലാണ് നടൻ ദർശനെ പ്രവേശിപ്പിച്ചത്. ദർശന് നടുവേദനയും കാലുവേദനയും ഉണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടർ നവീൻ അപ്പാജി ഗൗഡ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.ശസ്ത്രക്രിയ വേണോ എന്നത് പരിശോധനക്ക് ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ വധിച്ച കേസിൽ ബെല്ലാരി സെൻട്രൽ ജയിലിൽ കഴിയുന്ന ദർശന് ചികിത്സയ്‌ക്കായി ഹൈക്കോടതി ബുധനാഴ്ച ആറാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. പിന്നീട് ബെല്ലാരിയിൽ നിന്ന് ബെംഗളൂരുവിലെത്തിയ ദർശൻ ഭാര്യ വിജയലക്ഷ്മി താമസിക്കുന്ന അപ്പാർട്ട്‌മെൻ്റിലേക്ക് പോയിരുന്നു. അവിടെ അദ്ദേഹത്തിന്റെ വീടിന് പുറത്ത് വൻതോതിൽ ആരാധകർ തടിച്ചുകൂടിയതിനാൽ സുരക്ഷാ പ്രതിസന്ധി ഉണ്ടായിരുന്നു. വെള്ളിയാഴ്ച ബിജെപി ഗ്ലോബൽ ആശുപത്രിക്ക് പുറത്തും നിരവധി അനുയായികൾ തടിച്ചുകൂടിയിരുന്നു.
ആരുമായും സംസാരിക്കരുതെന്ന് ഹൈക്കോടതിയിൽ നിന്ന് ഉത്തരവുണ്ടെന്ന് വ്യക്തമാക്കിയ ദർശന്റെ മകൻ വിനീഷ് ആരാധകരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു.















