പത്തനംതിട്ട: വനിതാ ജീവനക്കാർ നേരിടുന്ന ബുദ്ധിമുട്ട് മനസിലാക്കി കയ്യോടെ പരിഹാരമൊരുക്കി പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ. ആർത്തവ സമയങ്ങളിലും മറ്റും ജോലി ചെയ്യുമ്പോൾ മാനസികമായും ശാരീരികമായും ഒത്തിരി ബുദ്ധിമുട്ടുകൾ നേരിടുന്ന വനിതാ ജീവനക്കാർക്കായി കളക്ടറേറ്റിൽ വിശ്രമമുറി ഒരുക്കിയാണ് കളക്ടർ പരിഹാരമൊരുക്കിയത്.
2024 ലെ ലോക മാനസീകാരോഗ്യ ദിനത്തിലെ പ്രധാന സന്ദേശം ജോലി സ്ഥലത്തെ മാനസീകരോഗ്യം എന്നതാണെന്ന് കളക്ടർ ചൂണ്ടിക്കാട്ടി. വിശ്രമമുറി കളക്ടർ തന്നെയാണ് റിബൺ മുറിച്ച് ഉദ്ഘാടനം ചെയ്തത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് സഹപ്രവർത്തക തന്റെ മുന്നിൽ വച്ച നിർദ്ദേശമാണിതെന്ന് കളക്ടർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ചൂണ്ടിക്കാട്ടി. ഒരുപാട് വനിതാ ജീവനക്കാർ ഈ ദിവസങ്ങളിൽ മാനസികമായും ശാരീരികമായും ഒത്തിരി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും ഇതിനു എന്തെങ്കിലും ഒരു പരിഹാരം ചെയ്യുമോ എന്നായിരുന്നു അവർ ചോദിച്ചത്.
ചിന്തിച്ചപ്പോൾ ഏറെ പ്രാധാന്യം അർഹിക്കുന്ന വിഷയമാണിത് എന്നു മനസിലായി. ആർത്തവം പോലെയുള്ള സാഹചര്യങ്ങളിൽ തൊഴിൽ ചെയ്യുന്ന സ്ത്രീകൾ എത്രത്തോളം കഷ്ടപ്പെടുന്നുണ്ട് എന്നത് ചിന്തിക്കേണ്ട ഒന്നാണ്. ശാരീരികവും മാനസികവുമായ വെല്ലുവിളികളെ അതിജീവിച്ചാണ് അവർ സ്വന്തം കർമ്മപഥത്തിൽ കാലൂന്നുന്നത്. പലപ്പോഴും ഈ വിഷയത്തിൽ ശരിയായ തുറന്നു പറച്ചിലുകൾ ഉണ്ടാകുന്നില്ല. കളക്ടറേറ്റിലെ സഹോദരിമാർ ഈ വിഷയത്തെപ്പറ്റി സംസാരിച്ചത് ഏറെ സന്തോഷം ഉണ്ടാക്കി.
അതുകൊണ്ട് അവർക്കു ജോലിയുടെ ഇടയ്‌ക്കു ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ വിശ്രമിക്കുന്നതിനു വേണ്ടി ഒരു പ്രത്യേകമുറി തന്നെ ഒരുക്കാൻ സാധിച്ചുവെന്നും കളക്ടർ കുറിച്ചു.















