ദീർഘ നേരം പലവിധ ജോലികൾ ചെയ്ത് ലോക റെക്കോർഡ് തിരുത്തി കുറിക്കുന്നവർ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവാറുണ്ട്. അത്തരത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ പുത്തൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് യുഎസ് പൗരനും 46 കാരനുമായ ഗാരി ക്രിസ്റ്റെൻസൻ.
സ്വന്തം കൈകൊണ്ട് നിർമിച്ച മത്തങ്ങയുടെ രൂപത്തിലും ആകൃതിയിലുമുള്ള ബോട്ട് തുഴഞ്ഞാണ് ഗാരി, ദീർഘനേരം ബോട്ട് തുഴഞ്ഞ വ്യക്തി എന്ന ലോക റെക്കോർഡ് തിരുത്തി കുറിച്ചത്. 1,224 പൗണ്ട് ഭാരമുള്ള മത്തങ്ങാ ബോട്ട് 26 മണിക്കൂറാണ് ഗാരി തുഴഞ്ഞത്.
കൊളംബിയയിൽ നിന്ന് ഒക്ടോബർ 12ന് ആരംഭിച്ച യാത്ര ഒക്ടോബർ 13ന് അവസാനിപ്പിക്കുമ്പോൾ 73.50 കിലോമീറ്റർ ദൂരം പിന്നിട്ടിരുന്നതായി ഗാരി പറഞ്ഞു. ഗാരിയുടെയും മത്തങ്ങാ ബോട്ടിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
കഴിഞ്ഞ നാല് വർഷമായി ജെയ്ന്റ് പംകിൻ റെഗട്ട മത്സരങ്ങളിലെ വിജയിയാണ് ഇദ്ദേഹം. കുറച്ചു ദൂരം പിന്നിട്ടപ്പോൾ മോശം കാലാവസ്ഥയായിരുന്നു. എന്നാൽ എല്ലാം അതിജീവിക്കാൻ സാധിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു. ഇതാണ് വിജയത്തിലെത്തിച്ചതെന്നും ഗാരി വ്യക്തമാക്കി.