ദീപാവലി ദിനത്തിൽ ഇന്ത്യൻ കുടുംബങ്ങളിൽ നേരിട്ടെത്തി ബഹ്‌റൈൻ കിരീടാവകാശിയും രാജകുടുംബാംഗങ്ങളും.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനെ പ്രതിനിധീകരിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് കുടുംബങ്ങളിലെത്തി ആശംസകൾ കൈമാറിയത്.
ബഹ്‌റൈനിലെ വ്യവസായ രംഗത്തെ പ്രമുഖരായ പമ്പാവാസൻ നായർ, ബാബൂഭായ് കേവൽറാം, മുൽജിമൽ, കവലാനി, താക്കർ, കേവൽറാം, ഭാട്ടിയ തുടങ്ങിയ കുടുംബങ്ങളിലാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാനും മറ്റ് രാജകുടുംബാംഗങ്ങളും ദീപാവലി ആശംസകളുമായി എത്തിയത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ പ്രതിനിധീകരിച്ചാണ് ഷെയ്ഖ് മുഹമ്മദ് ഇന്ത്യൻ ഭവനങ്ങൾ സന്ദർശിച്ചത്.
സമൂഹത്തെ സേവിക്കുന്നതിനും ഐക്യം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ കുടുംബങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകളെ അഭിനന്ദിച്ച ഷെയ്ഖ് മുഹമ്മദ്, സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ആശംസകൾ അറിയിക്കുകയും ചെയ്തു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വികസനപ്രക്രിയകളിൽ പങ്കാളികളാക്കാനുള്ള ഭരണാധികാരികളുടെ പ്രതിജ്ഞാബദ്ധതക്ക് കുടുംബങ്ങൾ നന്ദി രേഖപ്പെടുത്തി. സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും ശക്തമായ സാംസ്കാരിക അടിത്തറയാണ് ബഹ്റൈനുള്ളത്. വൈവിധ്യമാർന്ന സംസ്കാരങ്ങളുടെയും മതങ്ങളുടെയും കേന്ദ്രമെന്ന നിലയിൽ രാജ്യം ആഗോള പ്രസിദ്ധമാണ്.