ശ്രീനഗർ: പ്രവർത്തനത്തിന് തയ്യാറെടുത്ത് കിഴക്കൻ ലഡാക്കിലെ രാജ്യത്തെ ഏറ്റവും ഉയരും കൂടിയ എയർഫീൽഡ്. ദേശീയ സുരക്ഷയ്‌ക്കും ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ കണക്റ്റിവിറ്റിക്കും ഉത്തേജനമേകാൻ മുദ്-ന്യോമയിൽ സ്ഥിതി ചെയ്യുന്ന എയർഫീൽഡിന് സാധിക്കും. 13,700 അടി ഉയരത്തിലാണ് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ എയർഫീൽഡ് സ്ഥിതി ചെയ്യുന്നത്.
മൂന്ന് കിലോമീറ്റർ നീളമുള്ള റൺവേയാണ് പതുതായി ഇവിടെ നിർമിച്ചത്. അടിയന്തര പ്രവർത്തനങ്ങൾക്കും വടക്കൻ അതിർത്തികളിലേക്ക് വിന്യാസം വേഗത്തിലാക്കാനും ഇത് ഉപകരിക്കും. മഞ്ഞുവീഴ്ചയുള്ള സമയങ്ങളിൽ ഗതാഗതം സുഗമാക്കാൻ എയർഫീൽഡ് സഹായകമാകും. 214 കോടി രൂപ ചെലവിട്ടാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിൽ പുത്തൻ നാഴികക്കല്ല് പിന്നിടുകയാണ് ഭാരതം.
2020 ഏപ്രിലിൽ ഗൽവാൻ സംഘർഷത്തിന് പിന്നാലെ യഥാർത്ഥ രേഖയിൽ ഇന്ത്യയും ചൈനയും സൈന്യത്തെ വിന്യസിച്ചിരുന്നു. തുടർന്ന് 2021 മുതലാണ് ന്യോമ ഉൾപ്പടെയുള്ള വികസന പദ്ധതികൾ പ്രതിരോധസേന ആരംഭിച്ചത്. അടുത്തിടെ ഇരുരാജ്യങ്ങളിലെയും രാഷ്‌ട്രത്തലവന്മാർ നടത്തിയ നയതന്ത്രചർച്ചകളുടെ ഫലമായി സൈനിക പിന്മാറ്റ തീരുമാനത്തിന് പച്ചക്കൊടി വീശി. ഒക്‌ടോബർ 29-ന് ഡെപ്‌സാങ്ങിൽ നിന്നും ഡെംചോക്കിൽ നിന്നും ടെൻ്റുകൾ, താത്കാലിക ഘടനകൾ, വാഹനങ്ങൾ എന്നിവ പൂർണ്ണമായും നീക്കം ചെയ്തിരുന്നു.