ബം​ഗ്ലാദേശിൽ ജതീയ പാർട്ടിയുടെ ഖുൽന ഓഫീസും തീവെച്ച് നശിപ്പിച്ചു: മൂന്നു ദിവസങ്ങൾക്കിടെ തകർക്കപ്പെടുന്ന രണ്ടാമത്തെ ഓഫീസ്

Published by
Janam Web Desk

ധാക്ക: ബം​ഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ ഭാ​ഗമായിരുന്ന ജതീയ പാർട്ടിയുടെ ഖുൽന ഓഫീസും ഒരു സംഘം അടിച്ചു തകർത്ത് തീവെച്ച് നശിപ്പിച്ചു. രണ്ടു ദിവസം മുൻപ് തലസ്ഥാനമായ ധാക്കയുടെ ഹൃദയഭാഗത്ത് കാക്രെയ്ൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ജതീയ പാർട്ടിയുടെ കേന്ദ്ര ഓഫീസ് ആക്രമിക്കപ്പെട്ടിരുന്നു.

ഒരു സംഘം പ്രതിഷേധക്കാർ ഖുൽനയിലെ ദക്ബംഗ്ല ഇൻ്റർസെക്ഷനിലുള്ള ജതീയ പാർട്ടി ഓഫീസ് നശിപ്പിക്കുകയും തീയിടുകയും ചെയ്തു. ഓഫീസിന് നേരെ ഇഷ്ടിക എറിഞ്ഞ് അകത്ത് നിന്ന് രണ്ട് പ്ലാസ്റ്റിക് കസേരകൾ പുറത്തെടുത്ത് തീയിട്ടു.ആക്രമണം നടത്തിയവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും അവരെ പിടികൂടാനുളള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറയുന്നു.സംഭവത്തെ തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി പരക്കുകയും സമീപത്തെ കടകൾ അടക്കുകയും ചെയ്തു.

ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് പ്രകോപിതരായ ഒരു കൂട്ടം വ്യക്തികൾ ജതിയ പാർട്ടി ഓഫീസ് ആക്രമിച്ചത്.

മുൻ പ്രസിഡൻ്റ് ഹുസൈൻ മുഹമ്മദ് എർഷാദ് സ്ഥാപിച്ച ജതിയ പാർട്ടി, അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ ഭാഗമായിരുന്നു. ശനിയാഴ്ച ധാക്കയിൽ റാലി നടത്തുമെന്ന്  പാർട്ടി പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഷെയ്ഖ് ഹസീന വിരുദ്ധരെ ചൊടിപ്പിച്ചത്.

Share
Leave a Comment