ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘മാർക്കോ’ തെലുങ്കിലേക്കും അവതരിപ്പിക്കാൻ ഒരുങ്ങി അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ഹിന്ദി ടീസർ നാളെ പുറത്തിറങ്ങും. തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടിയാണ് ടീസർ റിലീസ് ചെയ്യുന്നത്. ഉണ്ണി മുകുന്ദനാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
നേരത്തെ പുറത്തിറങ്ങിയ മാർക്കോയുടെ ഹിന്ദി ടീസർ ഏറെ ഹിറ്റായിരുന്നു. ബോളിവുഡ് നടൻ ജോൺ എബ്രഹാമാണ് ടീസർ പങ്കുവച്ചത്. ഇത് സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാവുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തെലുങ്ക് സിനിമാ പ്രേമികൾക്കും മാർക്കോ ആസ്വദിക്കാൻ അണിയറ പ്രവർത്തകർ അവസരം ഒരുക്കുന്നത്.
മാർക്കോ ക്രിസ്തുമസ് റിലീസായി പ്രേക്ഷകർക്ക് മുന്നിൽ എത്തുമെന്നാണ് വിവരം. മാസ് റിലീസിനൊരുങ്ങുന്ന ചിത്രം കേരളത്തിൽ മാത്രം 200-ഓളം സ്‌ക്രീനുകൾ ഉറപ്പാക്കിയിട്ടുണ്ട്.
നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.
ഹനീഷ് അദേനി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് മാർക്കോ. 100 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. 30 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് നിർമിക്കുന്നത്.















