ശ്രീനഗർ: ശ്രീനഗറിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചുണ്ടായ ഭീകരാക്രമണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഈ ആക്രമണം വളരെയധികം അസ്വസ്ഥതപ്പെടുത്തുന്നുവെന്നും ജനങ്ങളുടെ സുരക്ഷയ്‌ക്ക് വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്നും ഒമർ അബ്ദുള്ള എക്സിൽ കുറിച്ചു.
നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള ആക്രമണം ഒരുവിധത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കശ്മീർ താഴ്വരയുടെ ചില ഭാഗങ്ങളിൽ ഭീകരാക്രമണങ്ങൾ വർദ്ധിക്കുകയാണ്. ഈ ആക്രമണങ്ങൾ അവസാനിപ്പിച്ച്, ജനങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യും. എത്രയും വേഗത്തിൽ സുരക്ഷാ നടപടികൾ ആരംഭിച്ചാൽ മാത്രമേ ജനങ്ങൾക്ക് ഭയമില്ലാതെ ഇവിടെ ജീവിക്കാൻ സാധിക്കുകയുള്ളൂവെന്ന് ഒമർ അബ്ദുള്ള വ്യക്തമാക്കി.
ഇന്ന് ശ്രീനഗറിലെ മാർക്കറ്റിലുണ്ടായ ഭീകരാക്രമണത്തിൽ 12 പേർക്കാണ് പരിക്കേറ്റത്. മാർക്കറ്റിന് സമീപത്തായി നിർത്തിയിട്ടിരുന്ന സിആർപിഎഫ് വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പരിക്കേറ്റവരിൽ ഭൂരിഭാഗവും പ്രദേശവാസികളാണ്. സിആർപിഎഫ് വാഹനത്തിന് സമീപത്തായി നിർത്തിയിരുന്ന ഉന്തുവണ്ടിയിൽ സ്ഥാപിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് സുരക്ഷാ സേന വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കശ്മീരിൽ തുടർച്ചയായി വെടിവയ്പ്പുകൾ ഉണ്ടായിരുന്നു. ഇന്നലെ ശ്രീനഗറിലെ ഖൻയാർ മേഖലയിലുണ്ടായ വെടിവയ്പ്പിൽ
ഒരു ലഷ്കർ ഇ ത്വയ്ബ ഭീകരനെ സൈന്യം വധിച്ചിരുന്നു. ലഷ്‌കർ ഇ ത്വയ്ബയുടെ കമാൻഡർ ഉസ്മാനാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.















