നടൻ മമ്മൂട്ടിയെ കുറിച്ച് വാചാലയായി മല്ലിക സുകുമാരൻ. സിനിമാ മേഖലയിലെ എല്ലാവരും മമ്മൂട്ടിയുടെ അഭിപ്രായങ്ങൾക്ക് എപ്പോഴും വില കൽപ്പിക്കാറുണ്ടെന്നും സഹപ്രവർത്തകൻ എന്നതിലുപരി തന്റെ കുടുംബത്തിന്റെ ഒരു സുഹൃത്തായാണ് മമ്മൂട്ടിയെ കാണുന്നതെന്നും മല്ലിക സുകുമാരൻ പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെ കുറിച്ച് മല്ലിക സുകുമാരൻ മനസ് തുറന്നത്.
പണ്ട് മുതൽ തന്നെ കുടുംബപരമായി വലിയ അടുപ്പത്തോടെയാണ് ഞങ്ങൾ ജീവിച്ചത്. സുകുവേട്ടന് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെങ്കിലും മമ്മൂട്ടിയോട്
അഭിപ്രായം ചോദിച്ചതിന് ശേഷമാണ് പല തീരുമാനങ്ങളും എടുക്കുന്നത്. മമ്മൂട്ടി നുണ പറയില്ല എന്ന വിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ദേഷ്യം വരുമ്പോൾ ആ സമയത്ത് എന്തെങ്കിലും പറയും. കുറച്ച് നേരം കഴിഞ്ഞ് മമ്മൂട്ടി തന്നെ സംസാരിച്ച് പ്രശ്നങ്ങൾ തീർക്കും. അദ്ദേഹത്തിന്റെ ദേഷ്യമൊക്കെ കുറച്ച് സമയം മാത്രം നിൽക്കുന്നതാണ്. അദ്ദേഹത്തിന് ആരോടും സ്ഥായിയായി ദേഷ്യമോ പിണക്കമോ ഉണ്ടാകാറില്ല.
അമ്മ സംഘടനയിൽ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് മോഹൻലാൽ അല്ല. ഇവരൊക്കെ നല്ല തിരക്കുള്ള താരങ്ങളാണ്. മമ്മൂട്ടിയെയും മോഹൻലാലിനെയുമൊക്ക കാണണമെങ്കിൽ കുറെ നാളുകൾക്ക് മുമ്പ് തന്നെ ഡേറ്റ് തീരുമാനിക്കണം.
മമ്മൂട്ടിയെ കണ്ട് അഭിപ്രായം ചോദിച്ചുവെന്ന് മോഹൻലാൽ ഉൾപ്പെടെ പറയാറുണ്ട്. കാരണം, എല്ലാവരും അദ്ദേഹത്തിന് ഒരു വില കൽപ്പിക്കുന്നുണ്ട്. അത് അദ്ദേഹം സ്വയം നേടിയെടുത്തതാണ്. ആരും ഒരു സമ്മാനമായി കൊടുത്തതല്ല. അത്രയും അടുപ്പമുള്ളവരോട് മാത്രമേ മമ്മൂട്ടി തമാശകൾ പറഞ്ഞ് ചിരിക്കാറുള്ളൂ. ചുമ്മാ സെറ്റിൽ വന്ന് ചിരിച്ച് കളിക്കുന്ന വ്യക്തിയല്ല, അദ്ദേഹമെന്നും പെരുമാറ്റത്തിലൂടെയും അധ്വാനത്തിലൂടെയും മമ്മൂട്ടി നേടിയെടുത്ത സൽപ്പേര് ആരുടെയും ഔദാര്യമല്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു.