ഭാര്യയുടെ മുന്നിൽ വെച്ച് അങ്കിൾ എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല, കടയുടമയെ ഉപഭോക്താവ് മർദ്ദിച്ച് അവശനാക്കി. ഭോപ്പാലിലെ ജത്ഖേഡിയിൽ സാരി ഷോപ്പ് നടത്തുന്ന വിശാൽ ശാസ്ത്രിയാണ് പൊലീസിൽ പരാതി നൽകിയത്.
ശനിയാഴ്ചയാണ് സംഭവം. 30 വയസ് പ്രായം തോന്നുന്ന രോഹിത് ഭാര്യയും കുഞ്ഞുമായി കടയിലെത്തി. എത്ര രൂപയുടെ സാരിയാണ് വാങ്ങേണ്ടത് ഭാര്യ പ്രതിയോട് ചോദിച്ചു. 1,000 രൂപ വരുന്നത് നോക്കാൻ അയാൾ പറഞ്ഞു. പിന്നാലെ കടയുടമ ഈ റേഞ്ചിലുള്ള സാരി കാണിക്കാൻ തുടങ്ങി. അവർ ഒരുപാട് സാരി നോക്കിയെങ്കിലും ഒന്നും എടുത്തില്ല. പിന്നാലെ കൂടുതൽ വിലയുള്ള സാരി തങ്ങൾക്ക് വാങ്ങാൻ കഴിയുമെന്ന് രോഹിത് പറഞ്ഞു.
ഇതുകേട്ടതും ‘അങ്കിൾ, ഞാൻ മറ്റ് റേഞ്ചിലും സാരികളും കാണിച്ചുതരാം’ എന്ന് കടയുടമ മറുപടി നൽകി. ഇത് കേട്ട രോഹിത് തന്നെ അങ്കിൾ എന്ന് വിളിക്കരുതെന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു. ഉടൻ തന്നെ കുടുംബത്തോടൊപ്പം കടയിൽ നിന്ന് ഇറങ്ങി പോകുകയും ചെയ്തു.
പിന്നീട് 10-15 പേരുമായി യുവാവ് കടയിലേക്ക് മടങ്ങിയെത്തി. തുടർന്ന് സംഘം വിശാലിനെ റോഡിലേക്ക് വലിച്ചിഴച്ച് വടിയും ബെൽറ്റും കൊണ്ട് മർദ്ദിക്കാൻ തുടങ്ങി. പരിക്കേറ്റ വിശാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. രോഹിതിനും സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.