കൊച്ചി: 66-ാം സ്‌കൂൾ കായികമേളയുടെ സാംസ്കാരിക പരിപാടികളുടെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ച് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി. “എന്റെ പ്രിയപ്പെട്ട തക്കുടുകളെ” എന്ന് വിളിച്ച് വേദിയെ കയ്യിലെടുത്ത മമ്മൂട്ടി മുന്നിലിരുന്ന മത്സരാർത്ഥികളിൽ തനിക്ക് ഒരുപാട് പ്രതീക്ഷയുണ്ടെന്നും അവർക്ക് നാടിന്റെ അഭിമാനമായി മാറാൻ സാധിക്കട്ടെയെന്നും ആശംസിച്ചു.
വേദിയിൽ എത്തിയപ്പോൾ കഥപറയുമ്പോൾ സിനിമയിലെ അശോക് രാജിനെപ്പോലെ തന്റെ കുട്ടിക്കാലത്തെ പറ്റി ഓർത്തുവെന്നും കായികമേഖലയെക്കാൾ സ്‌കൂൾ കാലഘട്ടത്തിൽ അഭിനയത്തോടായിരുന്നു താത്പ്പര്യം മമ്മൂട്ടി പറഞ്ഞു. “മുന്നിലിരിക്കുന്ന കേരളത്തിന്റെ കൗമാര ശക്തി എന്നെ അത്ഭുതപ്പെടുത്തുന്നു. ഈ കുട്ടികളിൽ എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ട്. ഈ നാടിൻെറയും രാജ്യത്തിന്റെയും അഭിമാനമായി തീരേണ്ടവരാണ് ഇവർ. കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം, മമ്മൂട്ടി പറഞ്ഞു.
കൂടെ മത്സരിക്കുന്നവർ നമ്മളെപ്പോലെ ജയിക്കണമെന്ന ആഗ്രഹത്തോടെ എത്തിയവരാണ്. ആരും നമ്മളെക്കാൾ ചെറുതല്ല. കൂടെ ഒരാൾ മത്സരിക്കാൻ ഉള്ളതുകൊണ്ടാണ് നിങ്ങൾ ജയിക്കുന്നതെന്ന ഓർമ വേണമെന്നും മമ്മൂട്ടി പറഞ്ഞു. മത്സരങ്ങൾ പരസ്പരമുള്ള വിശ്വാസവും കൂട്ടായ്മയുമാണ്. ഒരു മത്സരാർത്ഥിയെ ഒരു ശത്രുവായി ഒരിക്കലും കണക്കാക്കരുത്. കേരളത്തിന്റെ അഭിമാനങ്ങളായി തീരണമെന്നും രാജ്യത്തിനായി ഇനിയും ഒളിമ്പിക് മെഡലുകൾ നേടണമെന്നും മമ്മൂട്ടി വിദ്യാർത്ഥികളെ ആശംസിച്ചു.