കൊല്ലം: കളക്ടറേറ്റ് സ്ഫോടന കേസിൽ ശിക്ഷാവിധി ഇന്ന്. ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. തമിഴ്നാട് സ്വദേശികളായ അബ്ബാസ് അലി, ഷംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ എന്നിവർക്കുള്ള ശിക്ഷയാണ് ഇന്ന് വിധിക്കുക. കേസിൽ നാലാം പ്രതി ഷംസുദ്ദീനെ കോടതി വെറുതെ വിട്ടു. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി.
കേസിലെ അഞ്ചാം പ്രതിയായ മുഹമ്മദ് അയ്യൂബിനെ മാപ്പുസാക്ഷിയാക്കിയാണ് കേസ് വിസ്തരിച്ചത്. സ്ഫോടനം നടന്നത് എട്ട് വർഷങ്ങൾക്ക് ശേഷമാണ് വിധി പറയുന്നത്. 2016 ജൂൺ 15-ന് രാവിലെ 10.45-ന് കളക്ടറേറ്റ് വളപ്പിലെ മുൻസിഫ് കോടതിക്ക് മുൻപിൽ കിടന്ന ജീപ്പിൽ നിരോധിത സംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകർ സ്‌ഫോടനം നടത്തിയെന്നാണ് കേസ്. കളക്ടറേറ്റിലേക്ക് ആളുകളെത്തുന്ന തിരക്കേറിയ സമയത്ത് തൊഴിൽ വകുപ്പിന്റെ ഉപയോഗിക്കാതെ കിടന്ന ജീപ്പിൽ ചോറ്റുപാത്രത്തിലായിരുന്നു ബോംബ് വെച്ചത്. സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.
പ്രോസിക്യൂഷൻ 63 സാക്ഷികളെ വിസ്തരിക്കുകയും 109 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. ഗൂഢാലോചന, കൊലപാതകശ്രമം, പരിക്കേൽപ്പിക്കൽ, നാശനഷ്ടം വരുത്തൽ, എന്നിവയ്‌ക്ക് പുറമേ സ്‌ഫോടകവസ്തു നിരോധന നിയമവും യുഎപിഎ വകുപ്പുകളുമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഗുജറാത്തിൽ പൊലീസ് ഏറ്റമുട്ടലിൽ ഇസ്രത്ത് ജഹാൻ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ദക്ഷിണേന്ത്യയിൽ മൂന്ന് സംസ്ഥാനങ്ങളിലായി അഞ്ച് സ്ഥലങ്ങളിലെ കോടതി വളപ്പുകളിലാണ് പ്രതികൾ സ്‌ഫോടനം നടത്തിയത്. സ്ഫോടനം നടത്തുന്നതിന് ഒരാഴ്ച മുമ്പ് കരീംരാജ കൊല്ലത്തെത്തി കളക്ടറേറ്റിന്റെയും കോടതിയുടെയും ചിത്രങ്ങളും വീഡിയോകളും മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ചിത്രങ്ങളുമായി മധുരയിലെത്തിയാണ് മറ്റ് നാലുപേരുമായി ചേർന്ന് സ്ഫോടനം ആസൂത്രണം ചെയ്തതെന്നായിരുന്നു അന്വഷണ സംഘത്തിന്റെ കണ്ടെത്തൽ. മൈസൂരു കോടതി വളപ്പിലെ സ്‌ഫോടന കേസിലെ അന്വേഷണമാണ് കൊല്ലം സ്‌ഫോടന കേസിൽ സഹായകമായത്. എൻഐഎ സംഘമാണ് പ്രതികളെ പിന്നീട് പിടികൂടിയത്.















