ആഗ്രഹമാണ് മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ആഗ്രഹത്തെ വെറും ആഗ്രഹമാക്കി മാത്രം മനസിൽ കൊണ്ടുനടക്കുന്നവരുമുണ്ട്. എന്നാൽ 71-ാം വയസിലും ആഗ്രഹം സഫലമാക്കുകയാണ് ഹരിപ്പാട് സ്വദേശി പരമേശ്വരൻ പിള്ള. പഠിക്കാൻ മടിയുള്ള തലമുറയ്‌ക്ക് മാതൃകയാവുകയാണ് ഈ സീനിയർ പഠിതാവ്.
71-ാം വയസിൽ വീണ്ടും വിദ്യാർത്ഥി കുപ്പായമണിഞ്ഞിരിക്കുകയാണ് പരമേശ്വരൻപിള്ള. ചെന്നീർക്കര ഗവ. ഐടിഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻ്റ് എന്ന ട്രേഡിലാണ് പരമേശ്വരൻപിള്ള ചേർന്നിരിക്കുന്നത്. ജീവിതത്തിൽ വെറുതെയിരിക്കാൻ താത്പര്യമില്ലാത്തതിനാലാണ് പഠിക്കുന്നതെന്നും ഇനിയും ജോലി ചെയ്യാനാകുമെന്നും പരമേശ്വരൻപിള്ള പറഞ്ഞു.
ഇഗ്നോയിൽ ബി.കോം പഠനവും ഇതിനൊപ്പം തന്നെ സമാന്തരമായി കൊണ്ടുപോവുകയാണെന്ന് പരമേശ്വരൻപിള്ള പറയുന്നു. പല സംസ്ഥാനങ്ങളിൽ ജോലി ചെയ്ത് അനുഭവ സമ്പത്തുള്ളയാളാണ് പരമേശ്വരൻപിള്ള. അപ്പോഴൊക്കെ പഠനത്തോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു മനസ് മുഴുവൻ. 1977 മുതൽ രണ്ട് പതിറ്റാണ്ടോളം ചണ്ഡീഗഡിൽ ഫിനാൻഷ്യൽ കൺസൾട്ടൻസി നടത്തിയ പരമേശ്വരൻപിള്ള പിന്നീട് നാട്ടിലെത്തിയും ജോലിയിൽ തുടർന്നു.
പിന്നീട് 2018-ൽ പ്ലസ്ടു തുല്യതാ പരീക്ഷ പാസായി. കെട്ടിടം ശ്രീനാരായണ പോളിടെക്നിക് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ചേർന്നെങ്കിലും സാമ്പത്തികം വില്ലനായി. പിന്നാലെയാണ് ഐടിഐയിൽ ചേർന്നത്. കോഴ്സിനുള്ള ഫീസ് സ്ഥാപനത്തിലെ ജീവനക്കാർ സ്നേഹസമ്മാനമായി നൽകി. പഠനത്തോടുള്ള താത്പര്യമാണ് തങ്ങളെ ആകർഷിച്ചതെന്നും ഇത്രയും ‘സീനിയർ സ്റ്റുഡന്റ്’ സ്ഥാപനത്തിന്റെ ചരിത്രത്തിൽ ആദ്യമാണെന്നും വൈസ് പ്രിൻസിപ്പൽ അന്നമ്മ വർഗീസ് പറഞ്ഞു. പരേതയായ രാധാ പിള്ളയാണ് പരമേശ്വരൻപിള്ളയുടെ ഭാര്യ. മകൾ: പൂജാ പിള്ള (ഡൽഹി).















