കിഴക്കൻ ലഡാക്കിലെ ഡെംചോകിന് പിന്നാലെ ഡെപ്സാംഗിലും ഇന്ത്യൻ സേന പട്രോളിംഗ് നടത്തി. നാല് വർഷങ്ങൾക്ക് ശേഷമാണ് പ്രദേശത്ത് പട്രോളിംഗ് നടക്കുന്നത്. മേഖലയിൽ അഞ്ച് പട്രോളിംഗ് പോയിന്റുകളാണ് ഉള്ളത്.
ഒക്ടോബർ അവസാനത്തോടെയാണ് യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്നും കരാർ പ്രകാരമുള്ള സൈനിക പിൻമാറ്റം ഇന്ത്യയും ചൈനയും പൂർത്തിയാക്കിയത്. തുടർന്ന് നവംബർ ഒന്നിന് ഡെംചോക്കിൽ ഇന്ത്യൻ സൈന്യം പട്രോളിംഗ് ആരംഭിച്ചിരുന്നു. അതേസമയം, ഡെപ്സാംഗിൽ ചൈന ഇതുവരെ പട്രോളിംഗ് നടത്തിയിട്ടില്ല.
ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം ഇന്ത്യൻ സൈന്യം ലഡാക്ക് സമതലങ്ങളിലെ രണ്ട് പോയിൻ്റുകളിലേക്കും വിജയകരമായി പട്രോളിംഗ് നടത്തിയതായി പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. യഥാർത്ഥ നിയന്ത്രണ രേഖയിൽ സമാധാനവും സഥിരതയും നിലനിർത്തുന്നതിനുള്ള നിർണ്ണായക ചുവടുവയ്പ്പാണിതെന്നും ഔദ്യോഗിക പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കരാർ പ്രകാരം, ഒരു മാസത്തിൽ ഒന്നിലധികം തവണ പട്രോളിംഗ് നടത്താം. ഓരോ പട്രോളിംഗിനും മുമ്പ് ഇരു രാജ്യങ്ങളും മുൻകൂട്ടി അറിയിക്കണമെന്നും നിബന്ധനയുണ്ട്. കമാൻഡർമാരാണ് പട്രോളിംഗ് രീതികൾ നിശ്ചയിക്കുന്നത്.