ബെംഗളൂരു: എല്ലാ വഖ്ഫ് സ്വത്ത് രജിസ്ട്രേഷനുകളും ഉടൻ നിർത്താൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും വഖഫ് (ഭേദഗതി) ബിൽ 2024-ന്റെ സംയുക്ത പാർലമെൻ്ററി സമിതി അധ്യക്ഷൻ ജഗദാംബിക പാലിനും കത്തയച്ചു.
വഖ്ഫ് നിയമ ഭേദഗതി പ്രതീക്ഷിച്ച് വഖ്ഫ് ബോർഡ് അവകാശ വാദമുന്നയിച്ച എല്ലാ ഭൂമികളും രജിസ്റ്റർ ചെയ്യാൻ കർണാടകസംസ്ഥാനത്ത് തിടുക്കത്തിലുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ആർ അശോക തിങ്കളാഴ്ച ആരോപിച്ചു .
“ഈ മുൻകൂർ ശ്രമത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരും വഖഫ് ബോർഡും റവന്യൂ രേഖകളിൽ മാറ്റം വരുത്താനും കർഷകരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം വഖഫിന് കൈമാറാനും തുടങ്ങി. ധൃതിപിടിച്ച് വെള്ളപൂശുകയും ഭൂമിയുടെ മേൽ അന്യായമായി അവകാശവാദങ്ങൾ ഉന്നയിച്ച് അതൊക്കെ വഖ്ഫ് ബോർഡുകൾക്ക് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നത് കർണാടകയിലെ ആയിരക്കണക്കിന് കർഷകരുടെയും പാവപ്പെട്ടവരുടെയും ന്യായമായതും പൂർവ്വികവുമായ സ്വത്തവകാശം നഷ്ടപ്പെടുത്തും” കത്തിൽ പറയുന്നു.
“വിജയപുര ജില്ലയിൽ 15,000 ഏക്കർ ഭൂമി പിടിച്ചെടുക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് നൂറുകണക്കിന് കർഷകർ പറഞ്ഞതിനെ തുടർന്നാണ് ഇത് വെളിപ്പെട്ടത്. എല്ലാ ജില്ലകളിലും 10,000 ഏക്കർ വീതം ഭൂമി വഖ്ഫ് ആയി രജിസ്റ്റർ ചെയ്യാനുള്ള ശ്രമം ആരംഭിച്ചതായി പറയുന്നു. ക്ഷേത്രങ്ങൾ, മഠങ്ങൾ, മറ്റ് ഹിന്ദു മത സ്ഥാപനങ്ങൾ എന്നിവയുടെ ഭൂമി തങ്ങളുടേതാണെന്ന് വഖ്ഫ് ബോർഡ് അവകാശപ്പെടുന്നു. ഹിന്ദു ശ്മശാനവും തൻ്റേതാണെന്ന് വഖ്ഫ് പരാമർശിച്ചത് കൂടുതൽ ഞെട്ടിക്കുന്നതാണ്” അദ്ദേഹം പറഞ്ഞു.
“പതിമൂന്നാം നൂറ്റാണ്ടിലെ വിരക്ത മഠത്തിന്റെ സിന്ദഗിയിലെ 1.28 ഏക്കർ ഭൂമി, വിജയപുരയിലെ ചരിത്രപ്രസിദ്ധമായ സോമേശ്വര ക്ഷേത്രം, കലബുർഗിയിലെ ബിരദേവ ഗുഡി എന്നിവയുൾപ്പെടെ നിരവധി പ്രശസ്തമായ സ്ഥലങ്ങളും വഖഫ് അവകാശപ്പെട്ടിട്ടുണ്ട്. ഇത് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുകയും ഹവേരിയിൽ അക്രമവും കലാപവും നടക്കുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാം കണക്കിലെടുത്ത് സംയുക്ത സമിതി അടിയന്തരമായി കർണാടക സർക്കാർ ചീഫ് സെക്രട്ടറിയുമായി സംസാരിക്കണം”. വഖഫുമായി ബന്ധപ്പെട്ട ഭൂമിയുടെ രജിസ്‌ട്രേഷൻ നിർത്തിവെക്കണമെന്ന് ആർ.അശോക് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.















