ശരീരത്തിന് ഉന്മേഷം നൽകുന്നതിനോടൊപ്പം ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അത്യുത്തമമാണ് പഴവർഗങ്ങൾ അടങ്ങിയ ജ്യൂസുകൾ. പല തരത്തിലുള്ള ജ്യൂസ് നമുക്ക് പരിചിതമാണ്. പഴങ്ങളും പാലും ചേർത്തുമൊക്കെയുള്ള വിവിധതരം ജ്യൂസുകൾ നാം പരീക്ഷിക്കാറുണ്ട്. പഴങ്ങൾ മാത്രമല്ല, ചില പച്ചക്കറിയിനങ്ങൾ ഉപയോഗിച്ചും നമുക്ക് സ്വാദിഷ്ടമായ ജ്യൂസ് തയാറാക്കാം. പോഷകഘടകങ്ങളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. രക്തസമ്മർദ്ദം കുറയ്‌ക്കാനും ദഹനം സുഗമമാക്കാനും ബീറ്റ്റൂട്ട് സഹായിക്കുന്നു. ഡയറ്റ് ചെയ്യുന്നവർക്കും ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കാവുന്നതാണ്.
ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്നു. ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനം സുഖപ്രദമാക്കാനും ബീറ്റ്റൂട്ട് ജ്യൂസ് നല്ലതാണ്. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. ചർമകാന്തി വർദ്ധിപ്പിക്കാനും തൊലിപ്പുറത്തുള്ള പാടുകൾ അകറ്റി ചർമം സുന്ദരമാക്കാനും ബീറ്റ്റൂട്ട് ജ്യൂസ് നല്ലതാണ്. പാലൊഴിച്ച് വേണം ജ്യൂസ് തയാറാക്കാൻ. പഞ്ചസാര കൂടുതൽ ചേർക്കുന്നതും രുചി കൂട്ടും.
ശരീരഭാരം നിയന്ത്രിക്കുന്നതിന് ബീറ്റ്റൂട്ട് ജ്യൂസ് സഹായകമാണെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. ശരീരത്തിലെ വീക്കം ഇല്ലാതാക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഉത്തമമായിരിക്കും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.















