വെറും ഒരു വർഷം കൊണ്ട് പിഎം വിശ്വകർമ്മ ഇതുവരെ എത്തിയത് 2.58 കോടി അപേക്ഷകൾ. 2023 സെപ്തംബറിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പദ്ധതിയിലൂടെ 10 ലക്ഷം കരകൗശല വിദഗ്ധർക്ക് ഉപകരണങ്ങൾക്കായുള്ള സാമ്പത്തിക സഹായം ലഭ്യമാക്കിയതായി എംഎസ്എംഇ മന്ത്രാലയം അറിയിച്ചു. 15,000 രൂപ വരെയാണ് ഓരോ ഗുണഭോക്താവിനും ലഭിച്ചത്. 13,000 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രസർക്കാർ മാറ്റിവെച്ചത്.
പരമ്പരാഗത കരകൗശല മേഖലയെ പുനരുജ്ജീവിപ്പിക്കാനും കരകൗശല വിദഗ്ധരെ പിന്തുണയ്‌ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.
പിഎം വിശ്വകർമ്മ യോജനയിലൂടെ തൊഴിൽ പുരോഗതിയും തൊഴിലാളികളുടെ കുടുംബത്തിന്റെയും പുരോഗതിയും ഒപ്പം രാഷ്‌ട്ര പുരോഗതിയുമാണ് കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്നത്.
നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം നിരവധി ജനക്ഷേമ പദ്ധതികളാണ് നടപ്പാക്കിയത്. പദ്ധതികൾ ആവശ്യക്കാരിൽ എത്തിക്കാൻ വിപുലമായ പ്രചരണവും സർക്കാർ നടത്തി. ഇതിലൂടെ കൂടുതൽ പേർക്ക് പദ്ധതിയുടെ ഗുണഫലം ലഭിച്ചു. മുദ്ര മുതൽ പിഎം വിശ്വകർമ്മ യോജന വരെയുള്ള പദ്ധതികൾ അതിവേഗമാണ് ജനങ്ങൾ ഏറ്റെടുത്തത്.
ഇനിയും രജിസ്റ്റർ ചെയ്യാം
കോമ്മൺ സർവീസ് സെന്റർ(CSC) സെന്ററുകൾ വഴി കരകൗശലത്തൊഴിലാളികൾക്ക് സൗജന്യമായി രജിസ്റ്റർചെയ്യാം. ആധാർ കാർഡ്, സാധുവായ മൊബൈൽ നമ്പർ എന്നിവ വേണം.
അർഹരായവർക്ക് ഇളവോടെ അഞ്ചുശതമാനം പലിശനിരക്കിൽ മൂന്നുലക്ഷം രൂപവരെ ഈടില്ലാതെ വായ്പനൽകും. പി.എം. വിശ്വകർമ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവവഴിയുള്ള അംഗീകാരം, അടിസ്ഥാനപരവും നൂതനവുമായ പരിശീലനം ഉൾപ്പെടുന്ന നൈപുണ്യ നവീകരണം, 10,000 രൂപയുടെ ടൂൾകിറ്റ് എന്നിവ ലഭ്യമാക്കും.
ആശാരിപ്പണി, വള്ളം നിർമ്മാണം, കവചനിർമ്മാണം, കൊല്ലപ്പണി, ചുറ്റികയും പണിയായുധങ്ങളും നിർമ്മാണം, താഴ് നിർമ്മാണം. സ്വർണ്ണപ്പണി, മണ് പാത്ര നിർമ്മാണം, ശിൽപികൾ, കല്ല് കൊത്തുപണിക്കാർ, ചെരുപ്പുപണിക്കാർ, കല്ലാശാരി, കൊട്ട/പായ/ചൂല് നിർമ്മാണം/കയർ നെയ്‌ത്ത്, പാവ-കളിപ്പാട്ട നിർമ്മാണം, ബാരർബർ, മാല നിർമ്മിക്കുന്നവർ, അലക്കുകാർ, തയ്യൽക്കാർ, മത്സ്യബന്ധന വല നിർമ്മിക്കുന്നവർ തുടങ്ങി 18 പരമ്പരാഗത കൈത്തൊഴിൽ മേഖലകൾ പദ്ധതിയുടെ കീഴിൽവരും.















