മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ് സിഐഡി മൂസ. നടനും സംവിധായകനുമായ ജോണി ആന്റണി ഒരുക്കിയ ചിത്രത്തിന് ഇന്നും ആസ്വാദകർ ഏറെയാണ്. സിഐഡി മൂസയിലെ ഓരോ ഡയലോഗുകളും മലയാളികൾക്ക് മനപാഠമാണ്. വർഷങ്ങൾക്കിപ്പുറം സിനിമയിലെ ഒരു കോമഡി രംഗത്തെ കുറിച്ച് ഓർത്തെടുക്കുകയാണ് ജോണി ആന്റണി. സ്വർഗം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിഐഡി മൂസയെ കുറിച്ച് അദ്ദേഹം പങ്കുവച്ചത്.
“മലയാളത്തിലെ എല്ലാ ലെജന്റ്സും ഒന്നിച്ച സിനിമയാണ് സിഐഡി മൂസ. ചിത്രത്തിലെ പല സീനുകളിലും സ്ക്രീപ്റ്റിൽ ഇല്ലാത്ത ഡയലോഗുകളാണ് അവർ പറഞ്ഞത്. അതൊക്കെ ആ സ്പോട്ടിൽ പറയുന്നതാണ്. ആ സിനിമയിലെ എല്ലാ സീനുകളും കോമഡിയാണ്. അത് ആര് ചെയ്താലും കോമഡിയായി മാറും. കോമഡിയ്‌ക്ക് വേണ്ടതെല്ലാം താരങ്ങൾക്കിടയിൽ തന്നെ ഉണ്ടായിരുന്നു.
തലയ്‌ക്ക് സുഖമില്ലാത്ത ഡിറ്റക്ടീവിന്റെ കേന്ദ്രത്തിലേക്ക് കയറിച്ചെല്ലുന്ന സീനിൽ മെഷീൻ ചായ കൊണ്ടുവരുന്ന ഒരു സീനുണ്ട്. ചായ കുടിച്ചതിന് ശേഷം ഗ്ലാസും മെഷീൻ തന്നെ കഴുകി വയ്‌ക്കുമോ എന്ന് ചോദിക്കുമ്പോൾ ഇല്ല നിങ്ങൾ പോയതിന് ശേഷം ഞാൻ തന്നെ കഴുകി വയ്‌ക്കുമെന്ന് ക്യാപ്റ്റർ രാജു പറയുന്നുണ്ട്. അതൊന്നും സ്ക്രിപ്റ്റിലുള്ളതല്ല, സ്വന്തമായി കൈയ്യിൽ നിന്നിട്ട് പറഞ്ഞതാണ്. ഇതുപോലെ ഒരുപാട് ഡയലോഗുകൾ താരങ്ങൾ കൈയ്യിൽ നിന്നിട്ട് പറഞ്ഞിട്ടുണ്ട്”- ജോണി ആന്റണി പറഞ്ഞു.















