വിജയപുര: വിജയപുര കർഷക കേസിന് പിന്നാലെ സിന്ദഗിയിലെ വിരക്ത മഠത്തിന്റെ മേലും വഖ്ഫ് പൂട്ട്. വിരക്ത മഠത്തിന്റെ 1.28 ഏക്കർ ഭൂമി വഖഫ് ബോർഡിൻ്റേതാണെന്ന് രേഖകൾ. ഇത് പ്രകാരം വിരക്ത മഠത്തിന്റെ സർവേ നമ്പർ 1020-ൽ 1.28 ഏക്കർ ഭൂമി ശ്മശാന ഭൂമിയായി (ഖബറസ്ഥാൻ) കാണിച്ചിരിക്കുകയാണ്.
പതിമൂന്നാം നൂറ്റാണ്ടിൽ സ്ഥാപിതമായ വിരക്ത മഠത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി എങ്ങനെ വഖ്ഫ് ബോർഡിന്റെ ഭാഗമാകുമെന്നാണ് ഭക്തരുടെ ചോദ്യം. സിന്ദഗി താലൂക്കിലെ മറ്റ് ഹിന്ദു സ്ഥാപനങ്ങളുടെ അവസ്ഥയെക്കുറിച്ചും അവർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
മുൻപ് സിദ്ധലിംഗ സ്വാമി മഠാധിപതിയായിരുന്നപ്പോൾ രേഖകൾ അങ്ങനെയൊരു പരാമർശം ഉണ്ടായിരുന്നില്ല. പിന്നീട് ആരുമറിയാതെ ഭൂമി വഖ്ഫ്ബോർഡിൻ്റേതാണെന്ന് രേഖകൾ മാറ്റി.
ഇക്കാര്യത്തിൽ സംസ്ഥാന ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര അവലോകന സമിതി രൂപീകരിച്ചു.
ബിജെപി എംപി ഗോവിന്ദ് കർജോളിന്റെ നേതൃത്വത്തിലുളള ബിജെപി വസ്തുതാന്വേഷണ സംഘം മഠം സന്ദർശിക്കുകയും ഭൂമിയുടെ രേഖകൾ മാറ്റിയതിനെ അപലപിക്കുകയും ചെയ്തു. സമുദായങ്ങളെയും ജാതികളെയും ഭിന്നിപ്പിക്കാനാണ് സർക്കാർ നീക്കമെന്നും കാർജോൾ പറഞ്ഞു.
ഈ ഭൂമി 1974 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം വഖഫ് ബോർഡിന്റേതായി ചേർത്തിട്ടുണ്ട്. ഇതിനെതിരെ മഠത്തിന്റെ പേരിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്, നിയമപ്രകാരം എങ്ങനെ മുന്നോട്ട് പോകണമെന്ന് ചർച്ച ചെയ്യുമെന്ന് താലൂക്ക് മജിസ്‌ട്രേറ്റ് പ്രദീപകുമാർ ഹിരേമത്ത് പറഞ്ഞു.















