മുംബൈ: പാർലമെന്ററി രാഷ്‌ട്രീയത്തിൽ നിന്ന് ഒഴിഞ്ഞേക്കുമെന്ന സൂചന നൽകി മുതിർന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് ശരദ് പവാർ. നിലവിലെ ടേം അവസാനിച്ചാൽ വീണ്ടും രാജ്യസഭയിലേക്ക് പോകണോയെന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബരാമതിയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” രാജ്യസഭയിലെ എന്റെ കാലാവധി അവസാനിക്കാൻ ഇനിയും ഒന്നര വർഷം കൂടി ബാക്കിയുണ്ട്. ഇതിന് ശേഷം വീണ്ടും രാജ്യസഭയിലേക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പേരക്കുട്ടി യുഗേന്ദ്ര പവാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയതായിരുന്നു ശരദ് പവാർ. അമ്മാവൻ അജിത് പവാറിനെതിരെയാണ് യുഗേന്ദ്ര പവാർ മത്സരിക്കുന്നത്.
മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് 20ന് നടക്കാനിരിക്കെയാണ് ശരദ് പവാറിന്റെ വിരമിക്കലുമായി ബന്ധപ്പെട്ടുള്ള അപ്രതീക്ഷിത പ്രഖ്യാപനം. പാർലമെന്ററി രാഷ്‌ട്രീയത്തിൽ നിന്നും ശരദ് പവാറിന്റെ അപ്രതീക്ഷിത വിരമിക്കൽ എൻസിപിക്കും ഇൻഡി സഖ്യത്തിനും കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.















