ബെംഗളൂരു: കർണാടകയിലെ ഗഡഗ് ജില്ലയിലെ ഗജേന്ദ്രഗഡ് താലൂക്കിലെ ഹലകെരെയിൽ സ്ഥിതി ചെയ്യുന്ന അതി പ്രശസ്തമായ ആത്മീയ ആശ്രമമാണ് ശ്രീ അന്നദാനേശ്വർ മഠം. “ലിംഗൈക്യ ശ്രീമാൻ നിരഞ്ജന പ്രണവ സ്വരൂപി അന്നദാന മഹാസ്വാമിജി” യാണ് ഈ മഠം സ്ഥാപിച്ചത്.
എണ്ണമറ്റ ഭക്തർക്ക് ആത്മീയ ദിശാബോധവും മാർഗദർശനവും പകർന്നു നൽകുന്ന ഈ മഠത്തിന്റെ സ്വത്തുക്കളിലും കർണാടക വഖ്ഫ് ബോർഡ് കണ്ണ് വെച്ചിരിക്കുകയാണ്.
ഗദഗ് ജില്ലയിലെ നരേഗലിലെ അന്നദാനേശ്വര് മഠത്തിന്റെ 500 വര്ഷം പഴക്കമുള്ള ഭൂമി തങ്ങളുടേതാണെന്നാണ് ഇപ്പോൾ വഖഫ് ബോര്ഡ് അവകാശപ്പെടുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പു മുതൽ ഈ വസ്തുവിൽ മഠത്തിന്റെ പ്രസാദ നിലയം സ്ഥിതി ചെയ്യുകയാണ്. എന്നാലിപ്പോൾ റഹ്മാൻ ഷാവലി ദർഗ വഖ്ഫ് സ്വത്തുക്കൾ എന്നാണ് ഈ വസ്തുവിന്റെ രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മഠത്തിനു നോട്ടീസ് നൽകാതെ രേഖകളിൽ ഇങ്ങിനെ മാറ്റുകയായിരുന്നു.
മഠത്തിന്റെ ഭൂമി ഒരു അറിയിപ്പും നൽകാതെ വഖ്ഫ്ന്റെ പേരിൽ മാറ്റിയതിൽ ഭക്തർ രോഷാകുലരായി. അതിനാൽ വഖ്ഫ് നടപടികൾ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി മഠത്തിലെ വിശ്വാസികൾ രംഗത്തു വന്നു. സ്വത്ത് മഠത്തിന് തിരികെ നൽകണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പോരാട്ടം നടത്തുമെന്ന് ഭക്തർ സർക്കാരിന് മുന്നറിയിപ്പ് നൽകി.
ഗജേന്ദ്രഗഡ് താലൂക്കിലെ നരേഗലിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെ ഹലകെരെയിലാണ് വിശുദ്ധ അന്നദാനേശ്വര് മഠം സ്ഥിതി ചെയ്യുന്നത്. പഴയ കൊപ്പൽ, റായ്ച്ചൂർ, ബെല്ലാരി, ബാഗൽകോട്ട് ജില്ലകളിലെയും സമീപ പ്രദേശങ്ങളിലെയും ദരിദ്രഗ്രാമീണരുടെ കുട്ടികൾക്കായി വിദ്യാഭ്യാസം നല്കുന്നതുൾപ്പെടെ നിരവധി സേവനപ്രവർത്തനങ്ങളാണ് മഠം ചെയ്യുന്നത്.















