റാഞ്ചി: ഝാർഖണ്ഡിലെ അനധികൃത പാറഖനന അഴിമതിയുമായി ബന്ധപ്പെട്ട മൂന്ന് സംസ്ഥാനങ്ങളിലെ 16 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി സിബിഐ. റെയ്ഡിൽ കണക്കിൽപ്പെടാത്ത 50 ലക്ഷം രൂപയും ഒരു കിലോ സ്വർണവും ഒരു കിലോ വെള്ളിയും കോടികൾ വിലമതിക്കുന്ന സ്വത്തുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു.
ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹായി പങ്കജ് മിശ്ര സംശയനിഴലിൽ നിൽക്കുന്ന അഴിമതിക്കേസിലാണ് റെയ്ഡ്. ഝാർഖണ്ഡിൽ മാത്രം 14 ഇടങ്ങളിലാണ് നിലവിൽ റെയ്‌ഡ് പുരോഗമിക്കുന്നത്. സംശയനിഴലിൽ നിൽക്കുന്നവരുടെയും കൂട്ടാളികളുടെയും സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഝാർഖണ്ഡിലെ പ്രസിദ്ധമായ നിംബു പഹാഡ് പ്രദേശത്ത് നിന്ന് അനധികൃതമായി വിലപിടിപ്പുള്ള കല്ലുകൾ ഖനനം ചെയ്തെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ നടപടി. ഈ കല്ലുകൾ അനുമതിയില്ലാതെ ഖനനം ചെയ്യുകയും അന്താരാഷ്‌ട്ര വിപണിയിൽ വിൽക്കുകയും ചെയ്തതായി ആരോപിക്കപ്പെട്ടിരുന്നു. ഝാർഖണ്ഡ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം 2023 നവംബർ 23 നാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്യുന്നത്.















