എല്ലാ നാല് വർഷം കൂടുമ്പോഴും അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നു. നവംബറിലെ ആദ്യ ചൊവ്വാഴ്ചയാണ് അമേരിക്കയിൽ വോട്ടെടുപ്പ് നടത്തുക. 175ലധികം വർഷങ്ങളായി ഈ രീതി തുടരുന്നുവെന്നതാണ് ഏറ്റവും വലിയ കൗതുകം.
1845ലാണ് ‘ചൊവ്വാഴ്ച തെരഞ്ഞെടുപ്പിന്’ തുടക്കമായത്. അക്കാലത്ത് ഇതുസംബന്ധിച്ച നിയമം നിലവിൽ വന്നു. അമേരിക്കയിൽ ചൊവ്വാഴ്ച ദിവസം തെരഞ്ഞെടുപ്പ് നടക്കണമെന്ന് നിർബന്ധമാക്കി. അതിനൊരു കാരണവുമുണ്ട്. അന്ന് അമേരിക്കയിലെ ഭൂരിഭാഗം ജനങ്ങളും കാർഷിക മേഖലയിലാണ് ജോലി ചെയ്തിരുന്നത്. കർഷകർ അടക്കമുള്ള ഗ്രാമീണ ജനത പോളിംഗ് നടക്കുന്ന സ്ഥലങ്ങളിലേക്ക് എത്തി തിരിച്ച് അവരവരുടെ വീടുകളിലേക്ക് മടങ്ങിയെത്താനുള്ള സൗകര്യം കണക്കാക്കിയാണ് ചൊവ്വാഴ്ച ദിവസം തിരഞ്ഞെടുത്തത്.
ബുധനാഴ്ച അമേരിക്കയിലെ കർഷകർക്ക് വിപണി ദിവസമാണ്. നവംബറിന്റെ തുടക്കത്തിലാണ് വിളവെടുപ്പ് സമയം. ശരത്കാല വിളവെടുപ്പിന്റെ അവസാനത്തിനും ശീതകാലത്തിന്റെ തുടക്കത്തിനും ഇടയിലുള്ള നവംബർ മാസം ഏറ്റവും അനുയോജ്യമായ സമയമായി കണക്കാക്കപ്പെട്ടു. ഇതോടെയാണ് നവംബർ മാസം തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതെന്നാണ് പറയപ്പെടുന്നത്.
നവംബറിലെ ആദ്യ തിങ്കളാഴ്ചയ്‌ക്ക് ശേഷം വരുന്ന ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. അതായത് നവംബർ ഒന്ന് ചൊവ്വാഴ്ചയായാൽ എട്ടിനെ തിരഞ്ഞെടുപ്പ് നടക്കുകയുള്ളൂവെന്ന് ചുരുക്കം. എന്തുകൊണ്ട് ചൊവ്വാഴ്ച തിരഞ്ഞെടുത്തുവെന്നതിന് പല വ്യാഖ്യാനങ്ങളുണ്ടെങ്കിലും കൃത്യമായ വിശദീകരണം ചരിത്രത്തിലില്ല. ഇങ്ങനെ കഴിഞ്ഞ 175 വർഷമായി ചൊവ്വാഴ്ചയാണ് അമേരിക്കയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.















