റിയാദ്: ഫേസ്‌ബുക്കിൽ സിനിമയെ വിമർശിച്ചയാളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ജോജു ജോർജിന് മനം മാറ്റം.അങ്ങിനെയൊരു കാര്യം ചെയ്യരുതായിരുന്നു എന്നാണ് ജോജുവിന്റെ ഇപ്പോഴത്തെ തിരിച്ചറിവ്. പണി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി റിയാദിൽ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്.
“ഞാനിപ്പോൾ നാട്ടിൽ എയറിൽ നിൽക്കുന്ന അവസ്ഥയിലാണ്. ഞാൻ ഭീഷണിപ്പെടുത്തി എന്ന കഥയായിരിക്കും നിങ്ങൾ കേട്ടിട്ടുണ്ടാകുക. ചിത്രത്തിന്റെ റിവ്യൂ പറഞ്ഞതിലല്ല വിളിച്ചത്. ടിക്കറ്റെടുത്ത് സിനിമ കണ്ടവർ അഭിപ്രായം പറയണം. ഇഷ്ടപ്പെട്ടില്ലെങ്കിൽ അങ്ങിനെ തന്നെ പറയണം. എന്നാൽ, ഇവിടെ ഒരു പോസ്റ്റ് പല സ്ഥലങ്ങളില്‍ പ്രചരിപ്പിച്ചു. അതിന്റെ പേരിലുണ്ടായ കോലാഹലത്തിൽ ഒരു കോൾ ചെയ്തുപോയതാണ്. അത് വിളിക്കരുതായിരുന്നു. അതിന്റെ പേരിൽ രണ്ട് ദിവസമായി ചർച്ചയാണ്. മുല്ലപ്പെരിയാർ പൊട്ടാൻ പോവുകയാണ്. അതിനെക്കുറിച്ച് ചർച്ചയില്ല”, ജോജു പറഞ്ഞു.
കേരളാ യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസ്സിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം ഗവേഷകവിദ്യാർഥി എച്ച്.എസ്. ആദർശ്, ജോജു ജോർജ് സംവിധാനം ചെയ്ത ‘പണി’ എന്ന സിനിമയെക്കുറിച്ച് സാമൂഹികമാധ്യമത്തിൽ എഴുതിയ കുറിപ്പായിരുന്നു ഭീഷണി ഫോൺകോളിനു കാരണം.
സിനിമയിലെ ബലാൽസംഗ രംഗം ചിത്രീകരിച്ചത് പഴയകാല ബി-ഗ്രേഡ് സിനിമകളിലെപ്പോലെയാണെന്നായിരുന്നു ആദർശ് കുറിപ്പിട്ടത്. ഇതിന് പിന്നാലെയാണ് ജോജു ആദർശിനെ വിളിച്ച് ഭീഷണി പെടുത്തിയത്. തന്റെമുന്നിൽ വരാൻ ധൈര്യമുണ്ടോയെന്ന് ചോദിച്ച ജോജു കാണാമെന്ന വെല്ലുവിളിയോടെയാണ് സംഭാഷണം അവസാനിപ്പിച്ചത്.
പിന്നീട് ഫെയ്‌സ്ബുക്ക് ലൈവിൽ വന്ന ജോജു അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കുന്നു, അതിന്റെപേരിൽ രണ്ടുവർഷം അധ്വാനിച്ചുണ്ടാക്കിയ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം പുറത്തുവിട്ടത് ശരിയല്ല. നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.















