ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടർമാർ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളായി പരിഗണിച്ചത് ജനാധിപത്യം, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, ഗർഭച്ഛിദ്രം തുടങ്ങിയ വിഷയങ്ങളാണെന്ന് എക്‌സിറ്റ് പോൾ സർവേ ഫലങ്ങൾ. സിബിഎസ് ന്യൂസ് സർവേ പ്രകാരം പ്രകാരം 10 പേരിൽ ആറ് വോട്ടർമാരും നിലവിൽ രാജ്യത്തിന്റെ ജനാധിപത്യ സാഹചര്യങ്ങളെയാണ് പ്രഥമ വിഷയമായി പരിഗണിച്ചത്.
ഗർഭച്ഛിദ്രമാണ് വോട്ടർമാരെ സ്വാധീനിച്ച മറ്റൊരു പ്രധാന വിഷയം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായ, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ കമലാ ഹാരിസും ഈ വിഷയത്തിൽ കൃത്യമായ നിലപാടുകൾ പ്രഖ്യാപിച്ചിരുന്നു. ഗർഭച്ഛിദ്രം നിയമവിധേയമാക്കുമെന്ന നിലപാട് കമലാ ഹാരിസ് സ്വീകരിച്ചപ്പോൾ ഇതിനെ പൂർണമായും എതിർക്കുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്.
10ൽ ഒരാൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് മുൻഗണന നൽകിയാണ് വോട്ട് രേഖപ്പെടുത്തിയതെന്നും സർവേ വ്യക്തമാക്കുന്നു. മാത്രമല്ല സർവേയിൽ പങ്കെടുത്തവരിൽ 70 ശതമാനം പേരും രാജ്യത്ത് ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയവരാണ്. അമേരിക്കയുടെ നല്ല ദിനങ്ങളാണ് ഇനി വരാനിരിക്കുന്നതെന്ന് അഭിപ്രായമുള്ളവരാണ് 10ൽ ആറ് പേരും. എന്നാൽ നല്ല ദിനങ്ങൾ കഴിഞ്ഞുപോയി എന്ന് വിശ്വസിക്കുന്നവരാണ് പത്തിൽ മൂന്ന് പേർ. ജോ ബൈഡന്റെ ഭരണനേതൃത്വത്തിലും നല്ലൊരു ശതമാനം ആളുകൾ അതൃപ്തി അറിയിച്ചിട്ടുണ്ട്.
അതേസമയം പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ ട്രംപ് മുന്നേറ്റം തുടരുകയാണ്. ഓകലഹോമ, മിസിസിപ്പി, മിസോറി, അലബാമ, ടെനിസി, കെന്റക്കി, ഇന്റ്യാന, വെസ്റ്റ് വിർജീനിയ, സൗത്ത് കരോലിന, ഫ്‌ളോറിഡ എന്നിവടങ്ങളിൽ ട്രംപ് വിജയിച്ചപ്പോൾ വെർമോണ്ട്, മേരിലാന്റ്, കനക്ടികട്ട്, റോഡ് ഐലന്റ് എന്നിവിടങ്ങളിൽ കമല ഹാരിസും വിജയം സ്വന്തമാക്കി.