ടൊറന്റോ: കാനഡയിൽ കുടിയേറ്റക്കാർക്കായി ശരിയായ പരിശോധനാ നടപടിക്രമങ്ങൾ ഇല്ലെന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വിമർശനത്തെ ശരിവച്ച് മുൻ ടൊറന്റോ പൊലീസ് സർജന്റ് ഡൊണാൾഡ് ബെസ്റ്റ്. കാനഡയുടെ വിസ അംഗീകരിക്കുന്ന പ്രക്രിയയിൽ പിഴവുകളുണ്ടെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വാർത്ത ഏജൻസിയായ ANI ക്ക് നൽകിയ അഭിമുഖത്തിലാണ് ഒരു അന്വേഷണാത്മക പത്രപ്രവർത്തകൻ കൂടിയായ ഡൊണാൾഡ് ബെസ്റ്റിന്റെ പ്രതികരണം.
ക്രിമിനൽ പശ്ചാത്തലവും ഇന്ത്യയിലെ സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധവുമുള്ള വ്യക്തികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നു. കാനഡയിലെത്തുന്ന കുടിയേറ്റക്കാരെ കുറിച്ച് യാതൊരു പരിശോധനയും നടത്തുന്നില്ല. ഇത് ധാരാളം ഖാലിസ്ഥാൻ വിഘടനവാദികളെ കാനഡയിലേക്ക് ആകർഷിക്കുന്നുവെന്ന് ഡൊണാൾഡ് ചൂണ്ടിക്കാട്ടി. ഏകദേശം 40 ദശലക്ഷത്തോളം ജനസംഖ്യയുള്ള ഒരു രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏകദേശം 5 ശതമാനം കുടിയേറ്റക്കാർ വന്നിട്ടുണ്ട്. ട്രൂഡോ സർക്കാർ അധികാരത്തിൽ വന്നശേഷം നിയന്ത്രണങ്ങളില്ലാത്ത കൂട്ട കുടിയേറ്റത്തിനാണ് കാനഡ സാക്ഷ്യം വഹിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
വിഘടനവാദികൾക്കും സിഖുകാർക്കും വളരെ വലിയ സ്വാധീനം കാനഡയിലുണ്ട്. ക്രിമിനൽ ഇന്റലിജൻസ് സർവീസ് കാനഡയുടെ കണക്കനുസരിച്ച് 2,600 ലധികം സംഘടിത ക്രൈം ഗ്രൂപ്പുകൾ കാനഡയിൽ പ്രവർത്തിക്കുന്നു. ഇത് പൊതു സുരക്ഷയ്‌ക്കും സാമൂഹിക സ്ഥിരതയ്‌ക്കും കാര്യമായ ഭീഷണി ഉയർത്തുന്നു. നിയമ വിരുദ്ധമായ മയക്കുമരുന്ന് വിപണി, സാമ്പത്തിക കുറ്റകൃത്യങ്ങൾ, ആക്രമണങ്ങൾ എന്നിങ്ങനെ പല ക്രിമിനൽ പ്രവർത്തങ്ങളിലും ഖാലിസ്ഥാനികൾ പങ്കാളികളാണ്. സമീപ വർഷങ്ങളിൽ ഖാലിസ്ഥാനി തീവ്രവാദ പ്രവർത്തനങ്ങളിൽ ഒരു കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്നും ഡൊണാൾഡ് ബെസ്റ്റ് പറഞ്ഞു.















