മുംബൈ: നെഹ്‌റു സർക്കാരിൽ നിന്ന് നേരിട്ട അവഗണനകൾ തുറന്നുപറഞ്ഞ് മുതിർന്ന നടിയും രാജ്യസഭാ അംഗവുമായ ജയാ ബച്ചൻ. യുവജനതയെ പരിഗണിക്കുന്നതിൽ കോൺഗ്രസും നെഹ്‌റുവും പരാജയപ്പെട്ടെന്ന് അവർ തുറന്നടിച്ചു. രാജീവ് മൽഹോത്രയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ജയാ ബച്ചന്റെ വാക്കുകൾ. പ്രസാർ ഭാരതിയുടെ ആർക്കൈവ് വീഡിയോ ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്.
” കുട്ടികൾക്കായി നിരവധി പദ്ധതികൾ ജവഹർലാൽ നെഹ്‌റു ആവിഷ്‌കരിച്ചിരുന്നു. എന്നാൽ യുവനജനതയുടെ ഉന്നമനത്തിനായി അദ്ദേഹം ഒന്നും ചെയ്തതായി തോന്നിയിട്ടില്ല. രാജ്യത്തെ യുവാക്കളെ പരിഗണിക്കുന്നതിൽ നെഹ്‌റു സർക്കാർ പരാജയപ്പെട്ടു.
ഒരുപാട് അവഗണനകൾ ഞാൻ നേരിട്ടിരുന്നു. എന്നാൽ അതൊന്നും കുടുംബത്തിൽ നിന്നോ സുഹൃത്തുക്കളുടെയോ, അദ്ധ്യാപകരുടെയോ ഭാഗത്തുനിന്നോ അല്ലായിരുന്നു. മറിച്ച് നെഹ്‌റു സർക്കാരിൽ നിന്നായിരുന്നു.”- ജയാ ബച്ചൻ പറഞ്ഞു.
കുട്ടികളെ നെഹ്‌റുവിന് ഇഷ്ടമുള്ളത് കൊണ്ടായിക്കണം അദ്ദേഹം അവർക്കായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തത്. എന്നാൽ അതിനിടയിൽ മങ്ങിപോയത് കഴിവുറ്റ യുവാക്കളുടെ ജീവിതമായിരുന്നുവെന്നും അവർ വ്യക്തമാക്കി. പണ്ട് നൽകിയ അഭിമുഖത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.















