കാൻബറ: 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്‌ട്രേലിയൻ സർക്കാർ. ഇതിനായി നിയമനിർമ്മാണം നടത്തുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് പറഞ്ഞു. ഈ നയം ആഗോളതലത്തിൽ തന്നെ ആദ്യമായിരിക്കുമെന്നാണ് ഓസ്‌ട്രേലിയൻ സർക്കാർ അവകാശപ്പെടുന്നത്.
ഈ വർഷം ഓസ്‌ട്രേലിയൻ പാർലമെന്റിൽ നിയമനിർമ്മാണം അവതരിപ്പിക്കും. പാർലമെന്റിൽ അംഗീകാരം ലഭിച്ചാൽ ഒരു വർഷത്തിനുശേഷം നിയമം പ്രാബല്യത്തിൽ വരും. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് മാതാപിതാക്കളുടെ സമ്മതം ഉണ്ടെങ്കിലും അതിന് നിയമപ്രകാരം പ്രസക്തിയുണ്ടാവില്ലെന്നും ഇത്തരക്കാർക്ക് ഇളവുകളൊന്നും ലഭിക്കില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. കുട്ടികളുടെ ആക്സസ് തടയുന്നതിന് ന്യായമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കായിരിക്കുമെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു.
മെറ്റാ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, ടിക് ടോക്ക്, എലോൺ മസ്‌കിന്റെ എക്‌സ് എന്നീ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ ഈ പരിധിയിൽ വരുമെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രി മിഷേൽ റോളണ്ട് പറഞ്ഞു. ആൽഫബെറ്റിന്റെ യൂട്യൂബും നിയമത്തിന്റെ പരിധിയിൽ വരും.