കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസിൽ കുറ്റക്കാരായ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ 1 മുതൽ 3 വരെയുള്ള പ്രതികൾക്കാണ് ശിക്ഷ.
തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസ് അലി, ഷംസൂൺ കരിംരാജ, ദാവൂദ് സുലൈമാൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. നാലാം പ്രതി ഷംസുദ്ദീനെ കോടതി വെറുതെ വിട്ടിരുന്നു. ഭീകരവാദ സംഘടനയായ ബേസ് മൂവ്‌മെന്റിന്റെ പ്രവർത്തകരാണ് പ്രതികൾ. വിചാരണവേളയിൽ പ്രതികൾ, കോടതിയിൽ അക്രമം നടത്തിയിരുന്നു.
എട്ട് വർഷം ജയിലിൽ കിടന്നതാണെന്നും കേസിൽ കുറഞ്ഞ ശിക്ഷ നൽകണമെന്നുമായിരുന്നു പ്രതികൾ ആവശ്യപ്പെട്ടത്. ജീവപര്യന്തത്തിന് പുറമെ സ്‌ഫോടനത്തിൽ പരിക്കേറ്റ സാബുവിന് 10,000 രൂപ വീതം പ്രതികൾ നൽകണമെന്നും കോടതി വിധിച്ചു.
2016 ജൂൺ 15നായിരുന്നു മുൻസിഫ് കോടതിക്ക് സമീപത്ത് ഉപയോഗശൂന്യമായി കിടന്ന ജീപ്പിൽ ചോറ്റുപാത്രത്തിൽ ബോംബു വച്ച് ഭീകരർ സ്‌ഫോടനം നടത്തിയത്. നാലാം പ്രതി ഷംസുദ്ദീനെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്.
രാഷ്‌ട്ര സുരക്ഷയെ ബാധിച്ച സംഭവത്തിൽ കുറ്റവാളികളെ കണ്ടെത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും സഹകരണം ലഭിച്ചിട്ടുണ്ടെന്നും കൃത്യമായ തെളിവുകൾ കേസിൽ ലഭിച്ചതാണ് കുറ്റവാളികളിലേക്കെത്താൻ സാഹായിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.















