കേരളം മുഴുവൻ ഒരു ട്രോളി ബാഗിനെക്കുറിച്ചുള്ള ചർച്ചയിലാണ്. കോൺഗ്രസ് കള്ളപ്പണം കൊണ്ടുവരാൻ ഉപയോഗിച്ചതായി സിപിഎം ആരോപിക്കുന്ന നീല ട്രോളി ബാഗാണ് കഴിഞ്ഞ 24 മണിക്കൂറിലധികമായി ഡിജിറ്റൽ ലോകത്തും വാർത്താലോകത്തും ട്രെൻഡിംഗ് ചർച്ചാവിഷയം. ട്രെൻഡിനൊപ്പം കൂടിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ഗിന്നസ് പക്രു (അജയ് കുമാർ).
“Nice day” എന്ന തലക്കുറിപ്പോടെ ഗിന്നസ് പക്രു പങ്കുവച്ച ചിത്രമാണ് സോഷ്യൽമീഡിയയിൽ വൻ ട്രോളുകൾക്ക് തിരികൊളുത്തിയിരിക്കുന്നത്. കറുത്ത കുഞ്ഞൻ ട്രോളി ബാഗ് പിടിച്ച് സ്റ്റൈലായി നിൽക്കുന്ന പക്രുവിനെ ചിത്രത്തിൽ കാണാം.. ഏഴ് മണിക്കൂറിനകം ഇരുപതിനായിരം ലൈക്കുകൾ വാരിക്കൂട്ടിയ പോസ്റ്റിന് താഴെ ആയിരക്കണക്കിന് പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെയും എഎ റഹീമിനെയും വീണ്ടും എയറിൽ കയറ്റുകയാണ് പോസ്റ്റിലെ കമന്റ് സെക്ഷൻ. വന്നുവന്ന് പക്രുചേട്ടൻ വരെ ട്രോളിത്തുടങ്ങിയെന്ന് ചിലർ കമന്റെഴുതി. ലുട്ടാപ്പി റഹീമിനെയാണോ വ്യാജമാങ്കൂട്ടത്തിലിനെയാണോ പക്രുചേട്ടൻ ടാർഗെറ്റെയ്യുന്നത് എന്ന സംശയവും ചിലർ പ്രകടിപ്പിച്ചു. ഇനിയിപ്പോ പക്രുവിന്റെ സിനിമകൾ എകെജി സെന്റർ ബഹിഷ്കരിക്കുമോയെന്ന ആശങ്കയും കമന്റുകളിൽ കാണാം.