എറണാകുളം: ഫോർട്ട് കൊച്ചിയിലെത്തിയ വിദേശ പൗരന് കാനയിൽ വീണ് പരിക്ക്. നടപ്പാത നിർമാണത്തിനായി തുറന്നിട്ട കാനയിൽ വീണാണ് ഫ്രഞ്ച് പൗരനായ ലാൻഡന് പരിക്കേറ്റത്. ചികിത്സയ്‌ക്കായി ഫോർട്ട് കൊച്ചിയിലെത്തിയതായിരുന്നു ലാൻഡൻ.
ഫോർട്ട് കൊച്ചി കസ്റ്റംസ് ബോട്ട് ജട്ടിയിലാണ് സംഭവം. നിർമാണത്തിലിരിക്കുന്നതാണെന്നറിയാതെ നടപ്പാതയിലൂടെ നടന്ന ലാൻഡൻ കാൽതെറ്റി കാനയിൽ വീഴുകയായിരുന്നു. ഇയാളെ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
കണങ്കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാലിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിവരം. നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ലാൻഡനെന്ന് അധികൃതർ അറിയിച്ചു.