കത്തനാർ എന്ന സിനിമയിലൂടെ മലയാള സിനിമാരംഗത്തേക്ക് ചുവടുവയ്‌ക്കാനൊരുങ്ങുന്ന അനുഷ്ക ഷെട്ടിയുടെ കാരക്ടർ വീഡിയോ പുറത്തിറങ്ങി. താരത്തിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കാരക്ടർ വീഡിയോ പങ്കുവച്ചത്. ചിത്രത്തിൽ നിള എന്ന കഥാപാത്രത്തെയാണ് അനുഷ്ക അവതരിപ്പിക്കുന്നത്. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
അനുഷ്ക ഷെട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് അണിയറ പ്രവർത്തകർ ഒരു പോസ്റ്റും പങ്കുവച്ചു. ‘കത്തനാർ ദ വൈൽഡ് സോർസറർ എന്ന ചിത്രത്തിലെ ആകർഷകമായ കഥാപാത്രത്തിലൂടെ, മലയാള സിനിമയിലേക്ക് ഗംഭീര ചുവടുവയ്പ്പിന് ഒരുങ്ങുകയാണ് അനുഷ്ക ഷെട്ടി’- എന്നാണ് കാരക്ടർ വീഡിയോ പങ്കുവച്ചുകൊണ്ട് അണിയറ പ്രവർത്തകർ കുറിച്ചത്.
നെയ്‌ത്തുകാരിയായാണ് അനുഷ്ക ചിത്രത്തിൽ എത്തുന്നതെന്നാണ് കാരക്ടർ വീഡിയോ നൽകുന്ന സൂചന. അനുഷ്ക വസ്ത്രം നെയ്യുന്നതാണ് വീഡിയോയിലുള്ളത്. റോജിൻ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കടമറ്റത്ത് കത്തനാരുടെ കഥയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കത്തനാർ ത്രീഡിയിലാണ് ഒരുങ്ങുന്നത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് റിലീസിന് ഒരുങ്ങുന്ന. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളാണ് നടക്കുന്നത്.