വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ജനങ്ങൾ വോട്ട് ചെയ്ത് അവരുടെ പ്രസിഡന്റിനെ തെരഞ്ഞെടുത്തുവെന്നും, ജനാധിപത്യത്തിൽ എല്ലായ്‌പ്പോഴും ജനങ്ങളുടെ തീരുമാനമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം നേടിയ ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ചുവെന്നും, സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ ടീമുമായി ചേർന്ന് പ്രവർത്തിക്കാൻ മുഴുവൻ ഭരണകൂടത്തിനും നിർദേശം നൽകുമെന്ന് ട്രംപിന് ഉറപ്പ് നൽകിയതായും ജോ ബൈഡൻ കൂട്ടിച്ചേർത്തു.
” ജനങ്ങൾ വോട്ട് ചെയ്ത് അവരുടെ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. സമാധാനപരമായ പ്രക്രിയയായിരുന്നു അത്. ജനാധിപത്യത്തിൽ എപ്പോഴും ജനങ്ങളുടെ താത്പര്യമാണ് നിലനിൽക്കുന്നത്. കഴിഞ്ഞ ദിവസം നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിക്കുകയും, അദ്ദേഹത്തെ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. സമാധാനപരമായും നിയമങ്ങളെ പാലിച്ചുകൊണ്ടും അധികാരകൈമാറ്റം ഉറപ്പാക്കാൻ അദ്ദേഹത്തിന്റെ ടീമുമായി ചേർന്ന് പ്രവർത്തിക്കാൻ മുഴുവൻ ഭരണകൂടത്തിനും നിർദേശം നൽകുമെന്ന് ഞാൻ അദ്ദേഹത്തിന് ഉറപ്പ് നൽകി.
വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും ഞാൻ സംസാരിച്ചിരുന്നു. ഒരു പൊതുപ്രവർത്തകയാണ് അവരും. ഏറ്റവും നല്ല രീതിയിലുള്ള തെരഞ്ഞെടുപ്പ് ക്യാമ്പെയ്ൻ ആണ് അവരും നടത്തിയത്. ഞാൻ വളരെ ബഹുമാനിക്കുന്ന വ്യക്തിത്വമാണ്, അത് ജനങ്ങൾക്കും കൂടുതലായി മനസിലാക്കാൻ സാധിച്ചു. കമലാ ഹാരിസ് വളരെ കഠിനമായി തന്നെ തെരഞ്ഞെടുപ്പിനായി പ്രയത്‌നിച്ചു, അതിൽ അവരുടെ മുഴുവൻ ടീമും അഭിമാനിക്കണം. ചില ആളുകൾക്ക് ഇത് വിജയത്തിന്റെയും ആഘോഷത്തിന്റെയും സമയമാണ്. എന്നാൽ മറ്റ് ചിലർക്ക് ഇത് നഷ്ടത്തിന്റെയും നിരാശയുടെയും സമയമാണ്. വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ഓരോ പ്രചാരണങ്ങളിലും പ്രതിഫലിക്കുന്നത്. രാജ്യത്തെ ജനങ്ങൾ ഒന്ന് അല്ലെങ്കിൽ മറ്റൊന്ന് തെരഞ്ഞെടുക്കും. ജനഹിതം നമ്മൾ എല്ലാവരും അംഗീകരിക്കണം.
നിങ്ങൾ ഓരോരുത്തരും ആർക്ക് വോട്ട് ചെയ്താലും, പരസ്പരം എതിരാളികളായിട്ടല്ല, മറിച്ച് അമേരിക്കക്കാരെന്ന ഒറ്റ വികാരത്തോടെ മുന്നോട്ട് പോകണം. രാജ്യത്തെ ജനങ്ങൾ എന്ന നിലയിൽ ഓരോരുത്തരും അവരുടെ കടമ നിർവഹിച്ചു. ഇനി പ്രസിഡന്റ് എന്ന നിലയിൽ എന്റെ കടമയും നിർവഹിക്കും. ഞാൻ സത്യപ്രതിജ്ഞ പാലിക്കുകയും, ഭരണഘടനയെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. 2025ന് ജനുവരി 20ന് അമേരിക്കയിൽ സമാധാനപരമായ അധികാര കൈമാറ്റം നടക്കും. കഴിഞ്ഞ നാല് വർഷം എന്നോടൊപ്പം ഉണ്ടായിരുന്ന ജീവനക്കാരും, ക്യാബിനറ്റ് അംഗങ്ങളുമെല്ലാം വളരെ കഠിനമായി തന്നെ പ്രയത്‌നിച്ചിട്ടുണ്ട്. ഇപ്പോൾ കടന്നുപോയത് പ്രയാസമേറിയ സമയമാണെന്ന് ഞാൻ മനസിലാക്കുന്നുണ്ട്. നിങ്ങൾ എല്ലാവരും ചെയ്ത കാര്യങ്ങൾ ഈ ജനത കണ്ടിട്ടുണ്ട്. ഏറ്റവും മികച്ച കാലഘട്ടമായിരുന്നു അത്. അതൊരിക്കലും ഞാൻ പ്രസിഡന്റ് ആയതുകൊണ്ടല്ല, മറിച്ച് നമ്മളെല്ലാവരും ഒരുമിച്ച് നിന്നത് കൊണ്ടാണെന്നും” ജോ ബൈഡൻ വ്യക്തമാക്കി.















