തിരുവനന്തപുരം : വയനാട് ഉപതെരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാർത്ഥിയായിട്ടാണ് പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതെന്ന് പിണറായി വിജയൻ. വയനാട് ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിന്റെ മതേതര മുഖംമൂടി പൂർണ്ണമായും തുറന്നു കാട്ടിയതായും അദ്ദേഹം ആരോപിച്ചു.
“കോൺഗ്രസ്സിന്റെ മത നിരപേക്ഷ മുഖം മൂടി പൂർണ്ണമായും അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് വയനാട് ഉപതെരഞ്ഞെടുപ്പിലേത്. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാർത്ഥിയായിട്ടാണ് വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത്. എന്താണ് കോൺഗ്രസ്സിന്റെ നിലപാട്? നമ്മുടെ രാജ്യം ജമാ അത്തെ ഇസ്ലാമിയെ പരിചയമില്ലാത്ത രാജ്യമല്ലല്ലോ. ആ സംഘടനയുടെ നിലപാട് ജനാധിപത്യത്തിനു നിരക്കുന്നതാണോ?
ജമാ അത്തെ ഇസ്ലാമി രാജ്യത്തേയും രാജ്യത്തിന്റെ ജനാധിപത്യത്തേയും പ്രധാനമായി കാണുന്നില്ല. രാജ്യത്തിന്റെ ഭരണക്രമത്തെ കണക്കിലെടുക്കുന്നില്ല. വെൽഫയർ പാർടി രൂപീകരിച്ച് രാഷ്‌ട്രീയ പാർട്ടിയായി പ്രവർത്തിക്കുന്നത് ഒരു മറയാണ്. ആ മറയാണ് ജമ്മു കശ്മീരിൽ കണ്ടത്. ജമ്മു കശ്മീരിൽ ഇതുവരെ തെരഞ്ഞെടുപ്പിനെ ശക്തമായി എതിർത്തു പോവുകയായിരുന്നു ജമാ അത്തെ ഇസ്ലാമി. കടുത്ത വർഗീയ നിലപാടുകൾ സ്വീകരിച്ചു പോവുകയായിരുന്നു.” പിണറായി വിജയൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.
“അവിടത്തെ ജമാ അത്തെ ഇസ്ലാമിയും തങ്ങളും രണ്ടാണേ എന്ന് ഇവിടത്തെ ജമാ അത്തെ ഇസ്ലാമിക്കാർ പറയുന്നുണ്ട്. ജമാ അത്തെ ഇസ്ലാമിക്ക് ഒരു നയമേയുള്ളൂ. ഒരു തരത്തിലുള്ള ജനാധിപത്യ ഭരണക്രമത്തേയും അവർ അംഗീകരിക്കുന്നില്ല. അതാണ് അവരുടെ ആശയം. അവർക്കിപ്പോൾ യുഡി എഫിനെ സഹായിക്കണമെന്ന് തോന്നുന്നു”. പിണറായി വിജയൻ തുടർന്നു.
“മതനിരപേക്ഷതയുടെ ഭാഗത്ത് നിൽക്കുന്നവർക്ക് എല്ലാത്തരം വർഗീയതകളെയും അടിയുറച്ച് എതിർക്കാൻ കഴിയണ്ടേ? കോൺഗ്രസിനു അതിനു കഴിയുന്നുണ്ടോ? മുസ്ലിം ലീഗ് അടക്കമുള്ളവർ ചില “ത്യാഗങ്ങൾ” സഹിച്ചാണ് കോൺഗ്രസ്സ് -ജമാ അത്തെ ഇസ്‌ലാമി കൂട്ടുകെട്ടിനോടൊപ്പം നിൽക്കുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ട എന്ന് പറയാൻ കോൺഗ്രസിനു സാധിക്കുമോ?” പിണറായി വിജയൻ ചോദിച്ചു.















