മലയാളികൾ മാത്രമല്ല, ആക്ഷൻ സിനിമ പ്രേമികൾ മുഴുവൻ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന മാർക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായി തീയറ്ററുകളിൽ എത്തും. പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന സിനിമയുടെ ടീസറും അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയായി എത്തുന്ന മാർക്കോയുടെ ടീസറിനും വൻ വരവേൽപ്പാണ് സിനിമ പ്രേമികളിൽ നിന്നും ലഭിച്ചത്.
4.7 മില്യൺ ആളുകളാണ് മാർക്കോയുടെ മലയാളം ടീസർ കണ്ടത്. ഇന്ത്യയിലെയും വിദേശത്തേയും സിനിമാപ്രേമികൾ കൂടി മാർക്കോയെ ഏറ്റെടുത്തതോടെ മറ്റു ഭാഷകളിലും ടീസർ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. ഹിന്ദി, തെലുങ്ക് ടീസറുകളും തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ, മാർക്കോയുടെ തമിഴ് ടീസർ കൂടി പുറത്തിറക്കുകയാണ്. നവംബർ 10 രാവിലെ 10.10 ന് തമിഴ് ടീസർ പുറത്തിറങ്ങും. ടീസറിന്റെ അനൗൺസ്മെൻറ് പോസ്റ്റർ നടൻ ഉണ്ണി മുകുന്ദൻ സമൂഹ മാധ്യമങ്ങൾ പങ്കുവെച്ചു.
‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകനായ രവി ബസ്രൂർ ആണ് മാർക്കോയുടെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. വൻ തുകയ്‌ക്ക് മാർക്കോയുടെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് അടുത്തിടെ സ്വന്തമാക്കിയിരുന്നു. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യും.















