തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അല്പശി ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന പള്ളിവേട്ട ഇന്ന്. ശനിയാഴ്ച വൈകിട്ട് ശംഖുമുഖത്ത് നടക്കുന്ന ആറോട്ടോടുകൂടി ഉത്സവം സമാപിക്കും. ഇന്നലെയാണ് ഉത്സവശീവേലി നടന്നത്. വലിയ കാണിക്ക സമർപ്പണമാണ് ഉത്സവശീവേലിയിൽ നടത്തിയത്.
സ്വർണ ഭണ്ഡാരകുടത്തിൽ പുഷ്പാഞ്ജലി സ്വാമിയാരും രാജകുടുംബ സ്ഥാനിയുമാണ് ആദ്യ കാണിക്ക സമർപ്പിച്ചത്. തുടർന്ന് യോഗക്കാരും ഉദ്യോഗസ്ഥരും ഭക്തരും കാണിക്ക അർപ്പിച്ചു. ഇന്ന് രാത്രി ഉത്സവശ്രീബലിയ്‌ക്ക് ശേഷം വേട്ടയ്‌ക്ക് എഴുന്നള്ളിക്കും. ശ്രീപദ്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹത്തിനൊപ്പം തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയെയും നരസിംഹമൂർത്തിയെയും പടിഞ്ഞാറേ നടിയിലൂടെ പുറത്തെഴുന്നള്ളിക്കും.
വാദ്യമേളങ്ങളൊന്നും ഇല്ലാതെ നിശബ്ദമായാണ് ഘോഷയാത്ര സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലുള്ള വേട്ടക്കളത്തിലെത്തുന്നത്. ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ ഉടവാളേന്തി വേട്ടയ്‌ക്ക് അകമ്പടി പോകും. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലായിരിക്കും വേട്ടക്കളം ഒരുക്കുക.
നാളെ വൈകിട്ട് അഞ്ച് മണിയോടെ ആറാട്ട് ചടങ്ങുകൾ ആരംഭിക്കും. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം, നടുവൊത്ത് മഹാവിഷ്ണു ക്ഷേത്രം, അരകത്ത് ദേവീ ക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറേനടയിൽ എഴുന്നള്ളിക്കും. ആറാട്ടിന് ശേഷം എഴുന്നള്ളത്ത് ക്ഷേത്രത്തിൽ എത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും. ഞായറാഴ്ച ആറാട്ട് കലശത്തോടെ ഉത്സവം സമാപിക്കും.















