ചെന്നൈ: തമിഴ്നാട്ടിനെ ആകെ മുക്കിയ പേമാരിൽ, ദുരന്തമുഖത്ത് സജീവ സാന്നിധ്യമായി സേവാഭാരതിയുണ്ടായിരുന്നു. രക്ഷാ പ്രവർത്തനത്തിന് പിന്നാലെ ജീവിതം തിരിച്ച് പിടിക്കാൻ കൂടെയുണ്ടാകുമെന്ന ഉറപ്പും അന്ന് സേവാപ്രവർത്തകർ നൽകിയിരുന്നു. കഴിഞ്ഞ ദിവസം ആ വാഗ്ദാനം പാലിച്ച് കൊണ്ട് പത്ത് വീടുകളുടെ ഗൃഹപ്രവേശച്ചടങ്ങുകൾ നടന്നു. തൂത്തുക്കുടിയിലും തിരുച്ചെന്തൂരിലുമായാണ് വീടുകളാണ് നിർമിച്ച് നൽകിയത്.
തെക്കൻ ജില്ലകളിൽ തുടർച്ചയായി പെയ്ത കനത്ത മഴയെത്തുടർന്ന് നെല്ലൈ, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് വീട് നഷ്ടമായത്. ഈ സാഹചര്യത്തിലാണ് സേവാഭാരതി ദക്ഷിണ തമിഴ്നാട് ഘടകം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
പരിപാടിയിൽ ആർഎസ്എസ് ജില്ലാ സംഘചാലക് മസാനമുത്തു ഐപിഎസ് അധ്യക്ഷത വഹിച്ചു. സോഹോ ഫൗണ്ടേഷൻ സിഇഒ പദ്മശ്രീ ശ്രീധർ വെമ്പു വിശിഷ്ടാതിഥിയായി. ആർഎസ്എസ് അഖിലഭാരതീയ സഹസേവാപ്രമുഖ് എ. സെന്തിൽ കുമാർ, ദക്ഷിണക്ഷേത്ര സംഘചാലക് ഡോ. ആർ. വന്നിയരാജൻ എന്നിവർ സംസാരിച്ചു. ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എൻ. ഹരികൃഷ്ണകുമാർ, ദേശീയ സേവാഭാരതി സഹസംയോജക് കെ. പത്മകുമാർ, ആർഎസ്എസ് ദക്ഷിണ തമിഴ്‌നാട് പ്രാന്തപ്രചാരക് അറുമുഖം തുടങ്ങിയവർ പങ്കെടുത്തു.















