ലണ്ടൻ: 77 വർഷം പഴക്കമുള്ള ഒരു കഷ്ണം കേക്കിന് വില ലക്ഷങ്ങൾ. എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും 1947 ലെ രാജകീയ വിവാഹത്തിലെ കേക്കിന്റെ കഷ്ണമാണ് 2,200 പൗണ്ടിന് (ഏകദേശം 2.40 ലക്ഷം രൂപ) ലേലത്തിൽ വിറ്റത്. 1947 നവംബർ 20 നായിരുന്നു എലിസബത്ത് രാജ്ഞിയുടെ വിവാഹം. അന്നുമുതൽ സംരക്ഷിക്കപ്പെടുന്ന വളരെ അപൂർവമായ കേക്കിന്റെ കഷ്ണമാണ് വിറ്റുപോയത്.
വലിയ മാറ്റങ്ങളൊന്നും കേക്കിൽ വന്നിട്ടില്ല. കേക്ക് അതിന്റെ യഥാർത്ഥ പെട്ടിയോടുകൂടി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. വർഷങ്ങളുടെ പഴക്കമുള്ളതിൽ ഇത് കഴിക്കാൻ അനുയോജ്യമല്ല. എന്നാൽ ഈ കേക്കിൻ കഷ്ണത്തിന്റെ യഥാർത്ഥ അവകാശി സ്കോട്ട്ലൻഡിലെ എഡിൻബർഗിലെ ഹോളിറൂഡ് ഹൗസിലെ വീട്ടുജോലിക്കാരിയായ മരിയോൺ പോൾസൺ ആയിരുന്നു. ഇവർക്ക് ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് സമ്മാനമായി ലഭിച്ചതാണ് ഈ കേക്കിന്റെ കഷ്ണം.
1931 മുതൽ 1969 വരെ ഹോളിറൂഡ്ഹൗസ് കൊട്ടാരത്തിലെ വീട്ടുജോലിക്കാരിയായിരുന്നു മരിയോൺ പോൾസണെന്ന് ലേല സ്ഥാപനമായ റീമാൻ ഡാൻസി പറഞ്ഞു. കേക്കിനൊപ്പം, വിവാഹ സമ്മാനത്തിന് നന്ദി പറഞ്ഞുകൊണ്ട് മരിയോണിന് എലിസബത്തിൽ നിന്ന് ഒരു സ്വകാര്യ കത്തും ലഭിച്ചിരുന്നു. എന്നാൽ യഥാർത്ഥ വിവാഹ കേക്ക് ഒമ്പത് അടി ഉയരവും 500 പൗണ്ട് (ഏകദേശം 227 കിലോഗ്രാം) ഭാരവുമുള്ളതായിരുന്നു.
ദമ്പതികളുടെ ഇഷ്ട വിനോദങ്ങളെ പ്രതിനിധീകരിക്കുന്ന പഞ്ചസാര ശിൽപങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂറ്റൻ കേക്കിലെ 2,000 കഷ്ണങ്ങൾ വിവാഹത്തിൽ പങ്കെടുത്ത അതിഥികൾക്ക് നൽകി. കൂടുതൽ ഭാഗങ്ങൾ ചാരിറ്റികൾക്കും സംഘടനകൾക്കും വിതരണം ചെയ്തു. അവരുടെ ആദ്യത്തെ കുട്ടിയായ ചാൾസ് രാജകുമാരന്റെ നാമകരണത്തിനായി ഒരു ഒരു നില കേക്ക് സംരക്ഷിക്കപ്പെട്ടു. ഏതാനും കഷ്ണങ്ങൾ വർഷങ്ങളായി സംരക്ഷിക്കപ്പെടുകയും ലേലം ചെയ്യുകയും ചെയ്യുന്നുണ്ട്. 2013-ൽ, 1947-ലെ കേക്കിന്റെ മറ്റൊരു കഷ്ണം ലേലം ചെയ്തു, 1,750 പൗണ്ട് (ഏകദേശം1.91 ലക്ഷം രൂപ ) ആണ് ഇതിന് ലഭിച്ചത്.